മലപ്പുറം: അടർന്ന് വീഴാറായ ഭിത്തികൾ... മഴവെള്ളം ചോർന്നൊലിക്കുന്ന അവസ്ഥ... ഇതാണ് ജില്ലാ ആസ്ഥാനത്തെ താലൂക്ക് ആശുപത്രിയുടെ നിലവിലെ അവസ്ഥ. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, മെഡിസിൻ സർജറി വാർഡ്, കുട്ടികളുടെ വാർഡ് എന്നിവിടങ്ങളിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. രോഗികളുടെ സുരക്ഷ മുൻനിറുത്തി ഈ മൂന്ന് വാർഡുകളിലേക്കുള്ള അഡ്മിഷൻ താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. നിലവിൽ ഈ വാർഡുകളിൽ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നഗരസഭാ കൗൺസിൽ ചേർന്ന് പുതിയ സ്ഥലം കണ്ടെത്തിയാലേ അഡ്മിഷൻ തുടങ്ങാൻ സാധിക്കൂ.
വർഷങ്ങൾ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ നേരത്തെയും അടർന്ന് വീണിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമായപ്പോൾ ഡോക്ടർമാർ ആശുപത്രി സൂപ്രണ്ട് ഡോ.അജേഷ് രാജന് കത്ത് നൽകി. പഴയ ആശുപത്രി ബ്ലോക്കിൽ ജോലി ചെയ്യുന്നത് ജീവൻ അപകടത്തിലാക്കുമെന്നും പകരം സംവിധാനം ഒരുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
2021ൽ കേന്ദ്രസർക്കാർ 9.72 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിനായി പ്രധാനമന്ത്രിയുടെ പി.എം.ജി.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. എന്നാൽ, താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 4.15 ഏക്കർ സ്ഥലത്തായതിനാൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഭൂമി ആരോഗ്യവിഭാഗത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയാലേ തുക വിനിയോഗിക്കാനാവൂ. പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ദിനംപ്രതി 500 ഓളം പേരാണ് ഒ.പിയിലെത്തുന്നത്. പ്രസവം, കിടത്തി ചികിത്സ എന്നിവ ഉൾപ്പെടെ നടത്തുന്നുണ്ട്. ജനറൽ വിഭാഗത്തിൽ 100ഉം ഗൈനക്ക് വിഭാഗത്തിൽ 60ഉം ശസ്ത്രക്രിയകളാണ് ശരാശരി ഒരോ മാസവും ഇവിടെ നടക്കുന്നത്.
കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുന്ന സാഹചര്യമുണ്ട്. ജീർണാവസ്ഥയിലുള്ള കെട്ടിടത്തിലെ വാർഡുകളിലേക്ക് അഡ്മിഷൻ താത്കാലികമായി നിറുത്തിവച്ചു. നിലവിൽ അഡ്മിറ്റായ രോഗികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.ഡോ.അജേഷ് രാജൻ, ആശുപത്രി സൂപ്രണ്ട്
സർക്കാർ തലത്തിലെ എല്ലാവരുമായും താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംസാരിച്ചിരുന്നു. അനുകൂലമായ തീരുമാനമുണ്ടാകുമെന്ന മറുപടി ലഭിച്ചെങ്കിലും ഇതുവരെ എൻ.ഒ.സി ലഭിച്ചിട്ടില്ല. അടിയന്തരമായി എൻ.ഒ.സി ലഭിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച തുക പിൻവലിക്കുന്ന സാഹചര്യമുണ്ടാകും.
മുജീബ് കാടേരി. നഗരാസഭാ ചെയർമാൻ