shamsudin
ഷംസുദ്ദീൻ

കൊണ്ടോട്ടി: കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ ബസിനു മുന്നിൽ വടിവാൾ വീശിയ സംഭവത്തിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. വലിയപറമ്പ് സ്വദേശി മലയിൽ ഷംസുദ്ദീനാണ് (27) പിടിയിലായത്. ഇയാൾ ഉപയോഗിച്ച വടിവാളും കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകിട്ടാണ് കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്കുള്ള സ്വകാര്യബസിനു മുന്നിൽ ഓട്ടോ‌ഡ്രൈവർ വടിവാൾ വീശി യാത്ര ചെയ്തത്. പുളിക്കലിൽ ബസിൽ നിന്ന് ആളിറങ്ങുന്നതിനിടെ പിറകിൽ വന്ന ഓട്ടോഡ്രൈവർ അക്ഷമനായി ഹോണടിച്ചു. പ്രായമായ രണ്ടുപേർ ഇറങ്ങാൻ സമയമെടുത്തതിനാൽ ബസ് മാറ്റിക്കൊടുക്കാനായില്ല. ബസെടുത്തപ്പോൾ മുന്നിൽ കയറിയ ഓട്ടോ ബസിനു തടസം സൃഷ്ടിക്കുംവിധമാണ് പോയത്. അതിനിടെ വടിവാൾ വീശിക്കാണിച്ചു. തലേക്കര മുതൽ എയർപോർട്ട് റോഡ് വരെ ഇതു തുടർന്നു. ബസ് ജീവനക്കാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.