bbbb

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പുറത്ത് വന്നപ്പോൾ പ്രവേശനം നേടിയത് 6,999 പേർ മാത്രം. ഇതോടെ സീറ്റില്ലാതെ പുറത്തായത് 9,880 പേരാണ്. 89 മെറിറ്റ് സീറ്റുകളാണ് ജില്ലയിൽ ബാക്കിയുള്ളത്. ആകെയുള്ള 16,881 അപേക്ഷകരിൽ അലോട്ട്മെന്റിനായി പരിഗണച്ചത് 16,879 അപേക്ഷകളാണ്. 3,308 അപേക്ഷകർ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്.

സപ്ലിമെന്ററി ലിസ്റ്റിൽ സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. 16,881 പേർ അപേക്ഷിച്ച മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സപ്ലിമെന്ററി അപേക്ഷകരുള്ളത്. 8,139 അപേക്ഷകരുള്ള പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. ഇതിൽ 2,643 പേർ പ്രവേശനം നേടി. 7,192 അപേക്ഷകരുള്ള കോഴിക്കോട് ജില്ലയിൽ 3,342 പേരാണ് പ്രവേശനം നേടിയത്.
അഡ്മിഷൻ ലഭിച്ച സ്‌കൂളുകളിൽ ഇന്ന് വൈകിട്ട് നാലിനുള്ളിൽ സ്ഥിരപ്രവേശനം നേടണം. തുടർ അലോട്ട്‌മെന്റുകളെ സംബന്ധിച്ച വിവരങ്ങൾ 12ന് പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിക്കാൻ സാധിക്കാത്തവരും തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഫൈനൽ കൺഫർമേഷൻ നൽകിയതിനാലോ അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്ത അപേക്ഷകരും മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവരുമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിച്ചത്.

അധിക ബാച്ച് വേണം

മലപ്പുറം ജില്ലയിലെ സീറ്റ് പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച രണ്ടംഗ സമിതി കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൻമേൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അഭിപ്രായം തേടിയ ശേഷമാകും ബാച്ച് പ്രഖ്യാപനം. മലപ്പുറത്ത് അധിക പ്ലസ് വൺ ബാച്ചുകൾ വേണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതിയുടെ ശുപാർശ. സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നം ശുപാർശയിലുണ്ടായിരുന്നു. ആർ.ഡി.ഡി, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

സപ്ലിമെന്ററി അപേക്ഷകർ - 16,881

പ്രവേശനം നേടിയവർ - 6,999

പ്രവേശനം ലഭിക്കാത്തവർ - 9,880

ബാക്കിയുള്ള മെറിറ്റ് സീറ്റുകൾ - 89