മലപ്പുറം: മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ ജില്ലയിൽ ഡെങ്കിപ്പനിയുടെ വ്യാപനത്തിന് വേഗം കൂട്ടുന്നു. ആറ് ദിവസത്തിനിടെ ഡെങ്കി ലക്ഷണങ്ങളോടെ 125 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകൾ കൂടുതലാണ്. മഴ ശക്തമാകുന്നതോടെ ഇനിയും കൂടാമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കി കൊതുകിന്റെ ഉറവിട നശീകരണമടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
തൃക്കലങ്ങോട്, പോത്തുകല്ല്, അരീക്കോട്, ആനക്കയം, ചുങ്കത്തറ, അമരമ്പലം, വഴിക്കടവ്, മഞ്ചേരി, തൃപ്പനച്ചി, കരുവാരക്കുണ്ട്, ചോക്കാട്, മൂത്തേടം, കാളികാവ്, പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലാണ് ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എലിപ്പനി, വയറിളക്ക രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാനമാർഗ്ഗം കൊതുകിന്റെ ഉറവിട നശീകരണമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. എലിപ്പനി ബാധിച്ച് നാല് പേർ ചികിത്സ തേടിയിട്ടുണ്ട്. പൊന്നാനി, നന്നമ്പ്ര, പോരൂർ, എടവണ്ണ എന്നിവിടങ്ങളിലാണിത്. മൂന്ന് പേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.
കരുതാം ഡെങ്കിപ്പനിയെ
ലക്ഷണങ്ങൾ
ഡെങ്കി വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് മുതൽ എട്ട് ദിവസം കൊണ്ടാണ് രോഗം പുറത്തേക്ക് വരുന്നത്. അതിതീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദിയും ഓക്കാനാവും തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ
അതിസാരം കൂടുന്നു
ജില്ലയിൽ അതിസാരം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ആറ് ദിവസത്തിനിടെ 4,218 പേർ ചികിത്സ തേടി. ദിവസം ശരാശരി 750 പേർ അതിസാര പ്രശ്നങ്ങളുമായി ആശുപത്രികളിൽ എത്തുന്നുണ്ട്.