കോട്ടക്കൽ: കൊവിഡ് രൂക്ഷമായ സമയത്ത് കോട്ടക്കൽ നഗരസഭയുടെ കീഴിൽ കൊവിഡ് ആശുപത്രികൾക്കായി നഗരസഭ വാങ്ങിയ കട്ടിൽ, കിടക്ക, തലയിണ അടക്കമുള്ള സാമഗ്രികൾ ചിതലരിച്ച് നശിക്കുന്നു. കൊവിഡ് രൂക്ഷമായ സമയത്ത് രാജാസ് എച്ച്.എസ്.എസിലാണ് നഗരസഭയുടെ നേതൃത്വത്തിൽ 100 കിടക്കകളുള്ള ആശുപത്രിക്ക് വേണ്ടി ഇത്രയും സാധന സാമഗ്രികൾ വാങ്ങിയത്. ഇത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ പൊടിപിടിച്ച് കിടന്ന് നശിക്കുകയാണ്. നഗരസഭാ സാംസ്കാരിക നിലയത്തിന്റെ വരാന്തയിലാണ് ഇപ്പോൾ ഇവ കൂട്ടിയിട്ടിരിക്കുന്നത്. ഇവ പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്കോ മറ്റോ കൈമാറിയാൽ ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികൾ ഉപയോഗശൂന്യമാവുന്നത് തടയാനാവും.
കൊവിഡ് സെന്ററിനായി വാങ്ങിയ ഉപയോഗശൂന്യമായ കട്ടിലുകൾ അതിദരിദ്രരായ കുടുംബങ്ങൾക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പതിനൊന്നാം വാർഡ് കൗൺസിലർ സറീന സുബൈർ 2023 ഡിസംബർ രണ്ടിന് നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഏകദേശം 8 മാസം മുമ്പാണ് താൻ ഇത് സംബന്ധിച്ച് നിവേദനം നൽകിയതെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്ന് സറീന സുബൈർ കുറ്റപ്പെടുത്തി.