f
D

മലപ്പുറം: ജില്ലയിലെ പ്ലസ്‌ വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 74 സർക്കാ‌ർ സ്കൂളുകളിലായി 120 താത്ക്കാലിക ബാച്ചുകൾ അനുവദിച്ചു. കൊമേഴ്സ് - 61, ഹ്യുമാനിറ്റീസ് - 59 എന്നിങ്ങനെയാണ് അനുവദിച്ചത്. സയൻസ് ബാച്ചില്ല. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. അധിക ബാച്ചുകളെന്ന തീരുമാനം മന്ത്രിസഭാ യോഗം ചേ‌ർന്ന് അംഗീകരിക്കേണ്ടതുണ്ട്. ഏതെല്ലാം സ്കൂളുകളിലാണ് ബാച്ച് അനുവദിച്ചത്, ഓരോ താലൂക്കുകളിലും അനുവദിച്ച സീറ്റുകളുടെ എണ്ണം എന്നിവ വ്യക്തമാക്കിയിട്ടില്ല. മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക സീറ്റ് വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി ശുപാർശ ചെയ്തിരുന്നു. ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടർ ആർ. സുരേഷ്‌കുമാർ, മലപ്പുറം ആർ.ഡി.ഡി ഡോ. പി.എം. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. സീറ്റ് ക്ഷാമം പരിഹരിക്കാൻ ജില്ലയിലെ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർദ്ധനയും എല്ലാ എയ്ഡഡ് സ്‌കൂളുകൾക്കും 20 ശതമാനവും, ആവശ്യപ്പെടുന്ന പക്ഷം അധികമായി 10 ശതമാനം സീറ്റ് വർദ്ധനവും അനുവദിച്ച് നേരത്തെ തന്നെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വർദ്ധിച്ചേക്കും 7,800 സീറ്റുകൾ

സാധാരണ ഗതിയിൽ ഒരു ബാച്ചിൽ 50 കുട്ടികൾക്കാണ് പ്രവേശനമേകുക. ഇതുപ്രകാരം പുതിയ അധിക ബാച്ചുകളിലൂടെ 6,000 സീറ്റുകളാണ് ജില്ലയിൽ വർദ്ധിക്കുക. 30 ശതമാനം മാർജിനൽ സീറ്റ് കൂടി നടപ്പാക്കിയാൽ 1,800 സീറ്റുകൾ കൂടി വർദ്ധിക്കും. ഇതുപ്രകാരം ആകെ 7,800 സീറ്റുകളാണ് ജില്ലയിൽ അധികമായി ലഭിക്കുക. സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തുവന്നതോടെ മലപ്പുറത്ത് 9,993 കുട്ടികളാണ് പുറത്തുനിൽക്കുന്നത്. പുതിയ ബാച്ചുകളുടെ വരവോടെ രണ്ടായിരത്തോളം പേർക്ക് ഒഴികെ സീറ്റ് ലഭിച്ചേക്കും. അൺഎയ്ഡഡ് സ്‌കൂളുകളിൽ 10,185 സീറ്റുകളുണ്ട്. ഉയർന്ന ഫീസ് നൽകി പഠിക്കണമെന്നതാണ് വെല്ലുവിളി. സർക്കാർ സ്കൂളുകളിലെ അധിക ബാച്ചോടെ പ്ലസ്‌ വൺ സീറ്റിന്റെ കാര്യത്തിൽ ജില്ല നേരിടുന്ന ഗുരുതര പ്രതിസന്ധിയ്ക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.