മലപ്പുറം: തകർന്ന് വീഴാറായ മലപ്പുറം താലൂക്ക് ആശുപത്രി കെട്ടിടം മാറ്റിസ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ നഗരസഭാ കൗൺസിൽ നിയോഗിച്ച ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചു. താലൂക്ക് ആശുപത്രിക്ക് തൊട്ടടുത്തുള്ള മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗ്, വലിയങ്ങാടി കിളിയമണ്ണിൽ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ ആശുപത്രിയും ടൗൺഹാളിന് തൊട്ടടുത്തുള്ള നഗസഭയ്ക്ക് കീഴിലുള്ള സ്ഥലത്ത് ഫാർമസിയുമാണ് ഉപസമിതി നിർദ്ദേശിച്ചത്.

പ്രതിമാസം കിളിയമണ്ണിൽ ഓഡിറ്റോറിയത്തിന് രണ്ട് ലക്ഷവും മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗിന് 50,000 രൂപയും വാടക നൽകേണ്ടിവരുമെന്നാണ് ഉടമകൾ അറിയിച്ചത്. സ്ഥലം ആശുപത്രി കെട്ടിടത്തിന് അനുയോജ്യമാണോയെന്ന് വിശദമായി പരിശോധിച്ച ശേഷം മുനിസിപ്പൽ എൻജിനീയർ 19നകം റിപ്പോർട്ട് നഗരസഭാ കൗൺസിലിന് സമർപ്പിക്കണം. തുടർന്ന്, ഗവൺമെന്റിന്റെ മാനദണ്ഡം അനുസരിച്ചുള്ള വാടകയ്ക്ക് സ്ഥലമുടകൾ തയ്യാറാണെങ്കിൽ ആഗസ്റ്റ് ഒന്നിന് തന്നെ ആശുപത്രി ഇവിടങ്ങളിൽ പ്രവർത്തനമാരംഭിക്കും. അല്ലാത്തപക്ഷം വേറെ സ്ഥലം അന്വേഷിക്കേണ്ടി വരുമെന്ന് മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു.

ആരോഗ്യസ്റ്റാൻഡിംഗ് സമിതി അദ്ധ്യക്ഷൻ പരി അബ്ദുൽ ഹമീദാണ് ഉപസമിതി അദ്ധ്യക്ഷൻ. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ.സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ സി.സുരേഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അജേഷ് രാജൻ എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ.

ജീവന് ഭീഷണിയായി കെട്ടിടം

കോൺക്രീറ്റ് പാളികൾ അടർന്ന് വീഴാറായതിനെ തുടർന്ന് മലപ്പുറം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, മെഡിസിൻ സർജറി വാർഡ്, കുട്ടികളുടെ വാർഡ് എന്നിവിടങ്ങളിലേക്കുള്ള അഡ്മിഷൻ താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. നിലവിൽ ഈ വാർഡുകളിൽ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പഴയ ആശുപത്രി ബ്ലോക്കിൽ ജോലി ചെയ്യുന്നത് ജീവൻ അപകടത്തിലാക്കുമെന്നും പകരം സംവിധാനം ഒരുക്കണമെന്നും ഡോക്ടർമാരും ആവശ്യപ്പെട്ടിരുന്നു. 2021ൽ കേന്ദ്രസർക്കാർ 9.72 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിനായി പ്രധാനമന്ത്രിയുടെ പി.എം.ജി.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. എന്നാൽ, താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 4.15 ഏക്കർ സ്ഥലത്തായതിനാൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഭൂമി ആരോഗ്യ വിഭാഗത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയാലേ തുക വിനിയോഗിക്കാനാവൂ.

ആശുപത്രിയുടെ പ്രവർത്തനം താല്ക്കാലികമായി മാറ്റുമ്പോൾ കിടത്തിചികിത്സ, ഒ.പി, രോഗികൾക്കുള്ള ഇരിപ്പിടം, ശൗചാലയം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഒരുക്കേണ്ടി വരും. കൊവിഡ് സമയത്ത് നഗരസഭയുടെ നേതൃത്വത്തിൽ മലപ്പുറം ടൗൺഹാളിൽ കൊവിഡ് ആശുപത്രി സജ്ജമാക്കിയിരുന്നു. അന്ന് ഉപയോഗിച്ച ഫർണിച്ചറുകളും കട്ടിലും ഇരിപ്പടങ്ങളുമെല്ലാം ഇതിനായി ഉപയോഗിക്കുന്നതിലൂടെ പ്രതിസന്ധി മറികടക്കാം.

മുജീബ് കാടേരി, നഗരസഭാ ചെയർമാൻ