തിരൂർ: സിവിൽ സപ്ളൈസിന്റെ കടുങ്ങാത്തുകുണ്ട് ഗോഡൗണിലെ റേഷനരി, ആട്ട, ഗോതമ്പ് എന്നിവയുടെ തിരിമറിയിലൂടെ 2.78 കോടി രൂപയുടെ റേഷൻ സാധനങ്ങൾ കടത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി താനൂർ ഡിവൈ.എസ്.പി പി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം. ഡിപ്പോ മാനേജർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിപ്പോയിലെ എട്ട് ജീവനക്കാർക്കെതിരെയാണ് അന്വേഷണം. ഇവരെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുറ്റിപ്പുറം എഫ്.സി. ഗോഡൗണിൽ നിന്നും റേഷൻ സാധനങ്ങൾ തിരൂർ സപ്ലൈ ഓഫീസറുടെ കീഴിൽ പ്രവർത്തിക്കുന്ന മാങ്ങാട്ടിരി, കടുങ്ങാത്തുകുണ്ട് ഗോഡൗണിൽ എത്തിച്ച് അവിടെ നിന്നും റേഷൻകടകളിലേക്ക് വാഹനമാർഗം എത്തിക്കുന്നതാണ് രീതി. കടുങ്ങാത്തുകുണ്ട് ഗോഡൗണിൽ നിന്നും
269 റേഷൻ കടകളിലേക്കാണ് റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നത്. എത്തരത്തിലാണ് സാമഗ്രികൾ കടത്തിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ദിവസവേതനക്കാർ അടക്കം നിരവധി തൊഴിലാളികളും ജീവനക്കാരും ഇവിടെ ജോലിചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷക്കാലം ഗോഡൗണിൽ വന്നതും പോയതുമായ ലോഡുകളുടെ കണക്ക് പരിശോധിക്കും.