മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ വിരമിച്ച് ഒന്നര മാസമായിട്ടും പുതിയ നിയമനം നടത്താത്തതും അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരുടെ തസ്തിക നികത്താത്തതും ജില്ലയിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നു. ഈ മാസം അഞ്ച് മുതൽ പാലക്കാട് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററായ ചന്ദ്രദാസിന് മലപ്പുറത്തിന്റെ അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും ജോലി ഭാരം മൂലം മലപ്പുറത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ല. അധികച്ചുമതല ആയതിനാൽ ആഴ്ചയിൽ ഒരു ദിവസത്തിൽ കൂടുതൽ മലപ്പുറത്തേക്ക് എത്തിയാൽ പാലക്കാട്ടെ പ്രവർത്തനങ്ങളും പ്രതിസന്ധിയിലാവും. മേയ് 31നാണ് മലപ്പുറം ജില്ലാ മിഷൻ കോ-ഓർഡിനേറ്ററായിരുന്ന ജാഫർ കെ.കക്കൂത്ത് വിരമിച്ചത്.
കുടുംബശ്രീയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്താൻ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററിന് മാത്രമേ അധികാരമുള്ളൂ. കുടുംബശ്രീ പ്രവർത്തകർക്കുള്ള സബ്സിഡി, പരിശീലനച്ചെലവ് തുടങ്ങി ജീവനക്കാരുടെ ശമ്പള ബില്ലുകൾ വരെ ഒപ്പിടേണ്ടത് ജില്ലാമിഷൻ കോ-ഓർഡിനേറ്ററാണ്. ഇത്തരത്തിൽ ജില്ലയിലെ കുടുംബശ്രീയുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും മേൽനോട്ടം നൽകേണ്ടതുണ്ട്. നിലവിൽ ജില്ലയ്ക്ക് മാത്രമായൊരു കോ-ഓർഡിനേറ്റർ ഇല്ലാത്തതിനാൽ പലപ്പോഴും തീരുമാനങ്ങൾ എടുക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. പല ബില്ലുകളും ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷൻ ജീവനക്കാർ പാലക്കാട് പോയി അധികച്ചുമതല വഹിക്കുന്ന ചന്ദ്രദാസിന് എത്തിച്ച് നൽകുകയാണ് ചെയ്യുന്നത്.
നാലിന് പകരം ഒന്ന്
ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്തിന്റെയും ആസൂത്രണ സമിതിയുടെയും നേതൃത്വത്തിലുള്ള യോഗങ്ങളിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പങ്കെടുക്കേണ്ടി വരും. കൂടാതെ, ബ്ലോക്ക് തലത്തിലും പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ വകുപ്പുകളുമായി ചേർന്ന് കുടുംബശ്രീ ജില്ലാ മിഷൻ പരിപാടികൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് ജില്ലാ മിഷൻ കോ ഓർഡിനേറ്ററാണ്. നിലവിൽ ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷൻ ജീവനക്കാർ ഫോണിൽ ബന്ധപ്പെട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ച് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററിൽ നിന്നും അനുമതി വാങ്ങുന്നത്. കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ നാല് അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാർ വേണമെങ്കിലും നിലവിൽ ആകെ ഒരാളെയുള്ളൂ. ബാക്കി മൂന്ന് ഒഴിവുകൾ നികത്താതെ കിടക്കുകയാണ്.