എടപ്പാൾ: എടപ്പാളിലെ ഗതാഗത നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ബസ്സുകാർ. ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ടൗണിൽ നിന്ന് കയറ്റി മാത്രം നിർത്താൻ പാടുള്ള ബസ്സുകൾ വീതി കുറഞ്ഞ എടപ്പാൾ ടൗണിന്റെ മധ്യഭാഗത്ത് തന്നെ നിർത്തി ആളെ കയറ്റി ഇറക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ബസ്സ് സ്റ്റാൻഡ് ഇല്ലാത്ത ടൗണിലെ ബസ്സ് സ്റ്റോപ്പുകളിൽ ഒരേ സമയം മൂന്നും നാലും ബസ്സുകൾ നിർത്തിയിടുന്നതും പതിവാണ്.ഇത്തരത്തിൽ ബസ്സുകൾ നിർത്തുന്നതോടെ നീണ്ട നേരം എടപ്പാൾ ടൗണിലെ മുഴുവൻ റോഡുകളിലും ഗതാഗതം തടസ്സപെടുന്ന സാഹചര്യമാണ്. പട്ടാമ്പി റോഡിലെ ആശുപത്രിയിലേയ്ക്ക് നിരവധി ആമ്പുലൻസുകളാണ് ദിനം പ്രതി എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന ആംബുലസുകൾ വലിയ തരത്തിൽ പ്രായാസം നേരിടുന്നു. ഇതിന് പരിഹാരമെന്നോളം പല തവണ വ്യാപാരി സംഘടനാ ഭാരവാഹികളും ജനപ്രതിനിധികളും യോഗം ചേരുകയും പരിഷ്‌കാരങ്ങൾ അവലംബിച്ചെങ്കിലും ഇതുവരെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.മുൻപ് ഗതാഗത കുരുക്ക് രൂക്ഷമായതോടെ സ്ഥലം എം.എൽ.എ കെ.ടി ജലീലിന്റെ നേതൃത്വത്തിൽ നടന്ന അവലോകനത്തേ തുടർന്ന് എടപ്പാളിൽ മേൽപ്പാലം നടപ്പിലാക്കുകയും ഓട്ടോ സ്റ്റാന്റും ബസ്സ് സ്റ്റോപ്പും സ്ഥാനം മാറ്റുകയും ഉണ്ടായി. ടൗണിലെ നാലു റോഡുകളിലും ഇത്തരത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നു. എന്നാൽ അന്ന് എർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം താളം തെറ്റി.