stamp

മലപ്പുറം: ജില്ലയിലെ മുദ്രപത്രങ്ങളുടെ ക്ഷാമത്തിൽ രജിസ്‌ട്രേഷനടക്കം മുടങ്ങുന്നു. കൂടുതൽ ആവശ്യമുള്ളതും ചെറിയ മൂല്യവുമുള്ള മുദ്രപത്രങ്ങളാണ് പ്രധാനമായും കിട്ടാത്തത്. 50,​ 100,​ 200,​ 500 രൂപയുടെ മുദ്രപത്രങ്ങൾ പലയിടത്തും ലഭ്യമല്ല. കൂടുതൽ മുദ്രപത്രങ്ങളുള്ള സ്ഥലങ്ങളിൽ നിന്ന് മറ്റിടങ്ങളിലേക്ക് വെണ്ടർമാർ വഴിയെത്തിക്കാൻ അധികൃതർ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതൊന്നും പ്രശ്നം പരിഹരിക്കാൻ പര്യാപ്തമല്ല. തദ്ദേശഭരണ സ്ഥാപനങ്ങൾ, പാസ്‌പോർട്ട് ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മിക്ക ആവശ്യങ്ങൾക്കും മുദ്രപത്രങ്ങൾ നിർബന്ധമാണ്. ജനന, മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്ട്രേഷൻ,​ സ്‌കൂൾ സർട്ടിഫിക്കറ്റുകൾ, അഫിഡവിറ്റുകൾ, ബാങ്ക് വായ്പകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് ചെറിയ വിലയുള്ള മുദ്രപത്രങ്ങളാണ് വേണ്ടത്. വീട്ടുവാടക, വസ്തു വിൽപ്പന,​ നോട്ടറി സാക്ഷ്യപ്പെടുത്തൽ എന്നിവയ്ക്ക് 200 രൂപ മൂല്യമുള്ള മുദ്രപത്രങ്ങളാണ് ഉപയോ​ഗിക്കുന്നത്. ഇത് കിട്ടാതായതോടെ 500 രൂപയുടേയും പിന്നീട് 1000 രൂപയുടേയും ഉപയോഗിക്കാൻ ആളുകൾ നിർബന്ധിതരായിട്ടുണ്ട്.

1,​000, 500 രൂപയുടെ മുദ്രപത്രങ്ങളാണ് വസ്തു രജിസ്‌ട്രേഷന് കൂടുതൽ ആവശ്യം വരുന്നത്. ഭൂമി ഇടപാടിൽ കാലാവധി കഴിയാറായിട്ടും ആധാരം രജിസ്റ്റർ ചെയ്യാനാകുന്നില്ലെന്നത് പലയിടങ്ങളിലും പ്രതിസന്ധി ഉണ്ടാക്കുന്നത്. ക്ഷാമം കാരണം 1,​000 രൂപയുടെ മുദ്രപത്രം ആവശ്യമുള്ളിടത്ത് 5,​000 രൂപയുടേത് അടക്കം ഉപയോഗിക്കാൻ നിർബന്ധിതരാവുന്നുണ്ട്. വേഗത്തിലാക്കണം ഇ-സ്റ്റാമ്പിംഗ് സംസ്ഥാനത്ത് ഇ- സ്റ്റാമ്പിംഗ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുദ്രപത്രം അച്ചടിക്കാൻ നാസികിലെ പ്രസിലേക്ക് ഓർഡർ നൽകുന്നില്ല. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ് മഞ്ചേരി സ്റ്റാമ്പ് ഡിപ്പോയിലേക്ക് മുദ്രപത്രം എത്തിക്കുന്നത്. ഇവിടെ നിന്നാണ് ട്രഷറികൾക്കും സബ് ട്രഷറികളിലേക്കും എത്തിക്കുക. പ്രശ്നം പരിഹരിക്കണമെങ്കിൽ പൂർണമായും ഇ- സ്റ്റാമ്പിംഗിലേക്ക് മാറണം. ഇതിനായി വെണ്ടർമാർക്ക് സർക്കാർ പരിശീലനം നൽകിയിട്ടുണ്ട്. ഇ- സ്റ്റാമ്പിംഗിന് സോഫ്‌റ്റ്‌വെയർ അടക്കം സജ്ജമാക്കിയിട്ടുണ്ട്. ചെറിയ തുകയുടെ ഇ-സ്റ്റാമ്പിംഗ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നുണ്ട്. അടുത്ത മാസത്തോടെ പദ്ധതി വ്യാപിപ്പിക്കാനാണ് സാദ്ധ്യത. ഒരുലക്ഷം മുതലുള്ള മുദ്രപത്രത്തിന് ഇ-സ്റ്റാമ്പിംഗ് നിലവിൽ നടത്തുന്നുണ്ട്.