എടപ്പാൾ: എടപ്പാൾ ടൗണിലെ വെള്ളക്കെട്ട് രൂക്ഷമായതോടെ കാൽനട യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ. റോഡിന് ഇരുവശത്തുമുള്ള ഓടകൾ അടഞ്ഞതിനാൽ മഴ പെയ്യുമ്പോൾ ഓടകൾക്ക് മുകളിലൂടെ വെള്ളം കുത്തിയൊലിയ്ക്കുന്ന സാഹചര്യമാണ്. ശക്തമായ മഴ പെയ്യുമ്പോൾ പലപ്പോഴും പൊന്നാനി റോഡിലെ വ്യാപാരസ്ഥാപനങ്ങളിലേയ്ക്കും വെള്ളം കയറുന്നുണ്ട്. വേനൽമഴ ശക്തി പ്രാപിച്ചപ്പോൾ പൊന്നാനി റോഡിലെ വ്യാപാരികൾക്ക് വൻ നാശനഷ്ടം സംഭവിച്ചിരുന്നു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്താതെ ഓടകൾ അടഞ്ഞ് കിടക്കുകയാണ്. വട്ടംകുളം, എടപ്പാൾ പഞ്ചായത്തുകളിലായാണ് എടപ്പാൾ ടൗൺ നിലനിൽക്കുന്നത്. എന്നാൽ, ടൗണിലെ ഓടകൾ വൃത്തിയാക്കൽ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനാണെന്നാണ് ഇരു പഞ്ചായത്തുകളുടെയും വാദം.
നേരത്തെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത് വന്നപ്പോൾ രൂക്ഷമായ വെള്ളക്കെട്ട് നേരിട്ട ഭാഗങ്ങളിലെ ഓടകളിൽ നിന്ന് മാത്രം അടഞ്ഞ് കിടന്ന മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാൽ ആ ഭാഗങ്ങളിലേയ്ക്ക് ഒഴുകിയെത്തുന്ന വെള്ളം പിന്നീട് ഓടകൾക്ക് മുകളിലൂടെ തന്നെ തുടരുകയാണ്. റോഡിന് ഇരു വശവുമുള്ള ഓടകൾ പൂർണ്ണമായി തുറക്കാതെ വെള്ളക്കെട്ടിന് പരിഹാരമാവില്ല.
എന്നാൽ ഓടയിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിക്കാൻ സ്ഥലമില്ലാത്ത സാഹചര്യമാണെന്നും അതിനാലാണ് ശുചീകരണ പ്രവർത്തനങ്ങൾ നിലച്ചതെന്നുമാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ പഞ്ചായത്ത് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയതാണ്. എന്നാൽ ശുചീകരണം നടത്തിയെന്ന് വരുത്തുക മാത്രമാണ് ചെയ്തത്. വ്യാപാരികളും ഈ സാഹചര്യത്തിന് ഉത്തരവാദികളാണ്. ഓടയിൽ വേസ്റ്റ് നിക്ഷേപിക്കുന്നതാണ് ഓടകളടയാനുള്ള ഒരു കാരണം. ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വരുന്ന തോടുകളും ചെറുറോഡുകളും തൊഴിലുറപ്പ് പോലുള്ള പദ്ധതിയുടെ സഹായത്തോടെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതാണ്.
സുബൈദ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന പൊന്നാനി പാലക്കാട് റോഡിലെ സർവീസ് സ്റ്റേഷൻ ഭാഗത്തും ഇത്തരത്തിൽ വലിയ ബുദ്ധിമുട്ട് മഴ കനത്തതോടെ നേരിടുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് ചെയ്യേണ്ട മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ജലജീവൻ പദ്ധതികൾ മന്ദഗതിയിൽ പോകുന്നതിനാൽ വാട്ടർ അതോറിറ്റി അധികൃതർ സൃഷ്ടിക്കുന്ന പ്രയാസം പല ചെറുകിട റോഡുകളിലും നില നിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ വാട്ടർ അതോറിറ്റി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
എം.എ.നജീബ്, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
വെള്ളക്കെട്ട് വിഷയം വ്യാപാരികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
പൊന്നാനി റോഡിലെ കടകളിലേയ്ക്ക് മഴ കനത്താൽ വെള്ളം കയറുന്ന സാഹചര്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്ഥലം എം.എൽഎയ്ക്കും വട്ടംകുളം, എടപ്പാൾ പഞ്ചായത്തിനും നിവേദനം നൽകിയിട്ടുണ്ട്. നടപടികൾ വൈകിയാൽ സംഘടന ശക്തമായ സമരത്തിലേക്ക് കടക്കും.
ശങ്കരനാരായണൻ, സെക്രട്ടറി. വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ.