മലപ്പുറം: ജില്ലയിൽ ഇന്നും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ. വിനോദ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. നഗര, മലയോര വ്യത്യാസമില്ലാതെ ജില്ലയിലെങ്ങും ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് സ്ഥാപിച്ച മഴമാപിനിയിലെ കണക്ക് പ്രകാരം കരിപ്പൂരിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 44.8 മില്ലീമീറ്റർ.
വെതർ സ്റ്റേഷൻ .............................. ലഭിച്ച മഴ (മില്ലീമീറ്ററിൽ)
പൊന്നാനി................................................................ 19
നിലമ്പൂർ ................................................................... 37
മഞ്ചേരി ..................................................................... 16.4
അങ്ങാടിപ്പുറം ........................................................... 24.6
പെരിന്തൽമണ്ണ ......................................................... 21.6
ആനക്കയം................................................................ 27
നിലമ്പൂർ .................................................................. 36.5
പാലേമാട് .................................................................. 25.5
തെന്നല ...................................................................... 16.5
വാക്കാട് ....................................................................... 7
(13ന് രാവിലെ 8 മുതൽ 14 രാവിലെ 8 വരെ രേഖപ്പെടുത്തിയ മഴ)
മഴക്കുറവിൽ തന്നെ
മൺസൂണിലും ജില്ല മഴക്കുറവിൽ തന്നെയാണ്. ജൂൺ ഒന്ന് മുതൽ ജൂലായ് 14 വരെ 937.2 മില്ലീമീറ്റർ മഴ ലഭിക്കുമെന്നാണ് പ്രവചിച്ചതെങ്കിലും 724.1 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. മഴയിൽ 23 ശതമാനത്തിന്റെ കുറവുണ്ട്. മൺസൂണിന്റെ തുടക്കത്തിലെ മഴക്കുറവാണ് ഇതിന് കാരണം. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയാണ് ജില്ലയ്ക്ക് രക്ഷയായത്. ജൂണിൽ മഴ കാര്യമായി പെയ്യാതിരിക്കുകയും ജൂലായ് അവസാനത്തിലും ആഗസ്റ്റ് ആദ്യത്തിലും പെരുമഴ ലഭിക്കുന്ന പ്രവണതയാണിപ്പോൾ.