പൊന്നാനി : ജില്ലയിലെ ദേശീയപാത നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു . ആറുവരി പാത നിർമ്മാണം ജൂലായ് 19ന് പൂർത്തീകരിക്കാനായിരുന്നു നിർദ്ദേശമെങ്കിലും 2025 മാർച്ച് 31വരെ സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പദ്ധതി നവംബർ, ഡിസംബർ മാസങ്ങളിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയും വളാഞ്ചേരി മുതൽ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെയും 2 ഭാഗങ്ങളായാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതിൽ രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയുള്ള ഭാഗത്ത് ഏകദേശം 76 ശതമാനം പണി പൂർത്തീകരിച്ചു. വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെ 80ശതമാനം പണികളും പൂർത്തിയായി. രാത്രിയിലും പകലുമായി ആയിരത്തിലധികം തൊഴിലാളികളാണ് പണിയെടുക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വട്ടപ്പാറ വളവിന്റെ പ്രശ്നം പൂർണ്ണമായും ഇല്ലാതാകും. ഒപ്പം കുറ്റിപ്പുറത്ത് പുതിയ പാലം വരും.