മലപ്പുറം: വീടുകളും വ്യാപാര സ്ഥാപനങ്ങളും കയറിയിറങ്ങി അജൈവ മാലിന്യം ശേഖരിച്ച് നാടിനെ ശുദ്ധിയാക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് യൂസർഫീ ഇനത്തിൽ ലഭിക്കേണ്ട 6.09 കോടിയിൽ ലഭിച്ചത് 2.54 കോടി രൂപ മാത്രം. ഏപ്രിലിലെ മാത്രം കണക്കാണിത്. മേയ്, ജൂൺ മാസങ്ങളിലെ കണക്കുകൾ ശേഖരിക്കുന്നേയുള്ളൂ. ഇതോടെ കുടിശ്ശിക തുക ഇനിയും ഉയരും. ജില്ലയിൽ 2,576 ഹരിത കർമ്മ സേനാംഗങ്ങളുണ്ട്. വസ്തു നികുതിക്കൊപ്പം കുടിശ്ശികയായ യൂസർ ഫീ തുക കൂടി ചേർക്കാൻ നിയമമുണ്ടെങ്കിലും ജില്ലയിൽ അപൂർവ്വമായേ ഇങ്ങനെ ഈടാക്കാറുള്ളൂ. പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾക്ക് തുക നൽകിയാണ് പദ്ധതി പലയിടങ്ങളിലും മുന്നോട്ടുകൊണ്ടുപോവുന്നത്. യൂസർ ഫീ നൽകുന്നതിൽ മുന്നിൽ പരപ്പനങ്ങാടി നഗരസഭയാണ്. യൂസർ ഫീയായി 6,24,540 രൂപ ലഭിച്ചു. 7,92,900 രൂപയാണ് ലഭിക്കേണ്ടത്. പോരൂർ, വേങ്ങര, മൂർക്കനാട്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിൽ ഏപ്രിലിൽ ഹരിതകർമ്മസേനാംഗങ്ങൾ മാലിന്യം ശേഖരിക്കാൻ എത്തിയിരുന്നില്ല.
തുക ഇങ്ങനെ
വീടുകളിൽ നിന്ന് 50 രൂപയാണ് സാധാരണയായി നൽകേണ്ടത്. പ്രദേശത്തിന്റെ പ്രത്യേകത അനുസരിച്ച് ചില പഞ്ചായത്തിന് കീഴിലുള്ള വീടുകളിൽ നിന്ന് 30 രൂപയാണ് ഈടാക്കാറുള്ളത്. കടകളിൽ നിന്ന് 150 രൂപ മുതൽ 250 വരെയാണ് നൽകേണ്ടത്. തുക എത്രയെന്ന് അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം.
ആദ്യ അഞ്ച് സ്ഥാനങ്ങളിലെ നഗരസഭയും ഗ്രാമപഞ്ചായത്തും
നഗരസഭ.........ലഭിക്കേണ്ട തുക................ ലഭിച്ചത്
പെരിന്തൽമണ്ണ - 6,81,750 - 5,84,5000
വളാഞ്ചേരി - 4,35,800- 3,60,400
പരപ്പനങ്ങാടി - 7,92,900 - 6,24,540
മലപ്പുറം - 9,07,300 - 6,09,750
മഞ്ചേരി - 8,81,800 - 5,43,238
ഗ്രാമപഞ്ചായത്ത്-ലഭിക്കേണ്ട തുക- ലഭിച്ചത്
കീഴാറ്റൂർ - 4,15,300 - 3,40,750
മൂത്തേടം - 3,70,600 - 2,95,900
കാലടി- 2,54,900 - 1,96,050
പുറത്തൂർ - 3,88,300 - 3,02,940
വളവന്നൂർ - 3,60,150 - 2,73,250