മലപ്പുറം: കരിപ്പൂരിലും നിലമ്പൂരിലും മുണ്ടേരിയിലും പെയ്തത് പെരുമഴ. 24 മണിക്കൂറിനിടെ ഈ മൂന്നിടങ്ങളിലും മഴ 100 മില്ലീമീറ്റർ മറികടന്നു. മൺസൂൺ തുടങ്ങിയ ശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയാണിത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുണ്ടേരിയിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 114 മില്ലീ മീറ്റർ മഴ രേഖപ്പെടുത്തി. നിലമ്പൂർ - 105, കരിപ്പൂർ - 101.8 മില്ലീമീറ്റർ എന്നിങ്ങനെ. തിങ്കളാഴ്ച തുടങ്ങിയ മഴയ്ക്ക് ചൊവ്വാഴ്ച രാവിലെയോടെയാണ് അൽപ്പം ശമനമുണ്ടായത്. മലയോര മേഖലയിലെ കനത്ത മഴയിൽ ചാലിയാർ ഇരുകരകളെയും മുട്ടിയാണ് ഒഴുകിയത്. പ്രളയകാലത്തെ ഓർമ്മിപ്പിക്കും വിധം അതിവേഗത്തിലാണ് ചാലിയാർ പുഴ നിറഞ്ഞൊഴുകിയത്. മഴക്കുറവിൽ ഉച്ചയോടെ ചാലിയാറിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് ഇരുകരകളിലും താമസിക്കുന്നവരുടെ ആശങ്കയകന്നത്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും. നാളെയും മറ്റെന്നാളും യെല്ലോ അലേർട്ടുണ്ട്.
വെതർ സ്റ്റേഷൻ .............................. ലഭിച്ച മഴ (മില്ലീമീറ്ററിൽ)
പൊന്നാനി................................................................ 62
നിലമ്പൂർ ................................................................... 105
മഞ്ചേരി ..................................................................... 92
അങ്ങാടിപ്പുറം ........................................................... 89
ആനക്കയം................................................................ 94
പാലേമാട് .................................................................. 50
തെന്നല ...................................................................... 96.5
വാക്കാട് ....................................................................... 11.5
അകന്നു മഴക്കുറവ്
രണ്ട് ദിവസമായി പെയ്ത പെരുമഴയിൽ ജില്ലയുടെ മൺസൂൺ മഴയിലെ കുറവ് നികത്തപ്പെട്ടു. ജൂൺ ഒന്ന് മുതൽ ജൂലായ് 16 വരെ 972.2 മില്ലീമീറ്റർ മഴ പ്രവചിച്ചപ്പോൾ 844 മില്ലീമീറ്റർ മഴ ലഭിച്ചു. മഴയിൽ 13 ശതമാനത്തിന്റെ കുറവേയുള്ളൂ. രണ്ട് ദിവസം മുമ്പ് വരെ 23 ശതമാനമായിരുന്നു മഴക്കുറവ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാനദണ്ഡപ്രകാരം 19 ശതമാനത്തിന് മുകളിൽ മഴ കുറഞ്ഞാൽ മാത്രമേ മഴക്കുറവായി പരിഗണിക്കൂ.