താനൂർ: വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈറ്റ് റെസ്ട്രിക്ഷൻ ബാരിക്കേഡ് സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ താനൂർ ബീച്ച് റോഡിലെ അങ്ങാടിപ്പാലം (കൂനൻ പാലം) വഴിയുള്ള വാഹന ഗതാഗതം നാളെ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ നിരോധിച്ചതായി തിരൂർ പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ വിഭാഗം) അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
താനൂർ വാഴക്കത്തെരു അങ്ങാടി, ഉണ്ണിയാൽ, ഒട്ടുംപുറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസ്, ചരക്കു വാഹനങ്ങൾ അടക്കമുള്ള വലിയ വാഹനങ്ങൾ ജൂലായ് 18 മുതൽ താനൂർ ബ്ലോക്ക് ഓഫീസ് ജങ്ഷനിൽ നിന്നും ബീച്ചിലേക്കുള്ള റോഡ് വഴി തിരിഞ്ഞു പോവണം.
2023 ആഗസ്റ്റ് 14 ന് ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം പാലത്തിന്റെ ശോചനീയാസ്ഥയും കാലപ്പഴക്കവും മൂലം ബസ്, ഭാരം കയറ്റിയ ചരക്കു വാഹനങ്ങൾ തുടങ്ങിയവ പാലത്തിലൂടെ കടന്നു പോവുന്നത് നിരോധിച്ച് തീരുമാനമെടുത്തിരുന്നു. ഇത് വകവയ്ക്കാതെ ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ പാലത്തിലൂടെ യാത്ര തുടരുന്നതിനാൽ ബാരിക്കേഡ് സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിക്കുകയായിരുന്നു. വലിയ വാഹനങ്ങൾ നിരോധിക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകളും പാലത്തിനിരുവശവുമുള്ള റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്.