പൊന്നാനി : ആദ്യം മഞ്ഞപ്പിത്തവും പിന്നീട് മലമ്പനിയും മലേറിയയും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊന്നാനിയിൽ അതീവ ജാഗ്രത. രണ്ടാഴ്ച മുൻപ് പൊന്നാനിയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കർമ്മ റോഡിൽ പ്രവർത്തിക്കുന്ന ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ അടച്ചിടാൻ നോട്ടീസ് കൊടുത്തെങ്കിലും ഇത് നടപ്പായില്ല. കഴിഞ്ഞ ദിവസങ്ങളിൽ പൊന്നാനിയിൽ മലമ്പനിയും മലേറിയയും റിപ്പോർട്ട് ചെയ്തു. പൊന്നാനി നഗരസഭയിൽ അഞ്ചാം വാർഡിലാണ് 21വയസുള്ള യുവതിക്ക് മലേറിയ റിപ്പോർട്ട് ചെയ്തത്. ഇതിനിടെ അഞ്ചാംവാർഡിൽ തന്നെ മലമ്പനിയും റിപ്പോർട്ട് ചെയ്തു.
പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ലോക്കിലെ ആരോഗ്യ പ്രവർത്തകർ, വെക്ടർ കൺട്രോൾ യൂണിറ്റ്, ആശ പ്രവർത്തർ തുടങ്ങിയരുടെ സംഘം പ്രദേശത്ത് ഗൃഹസന്ദർശ സർവ്വേ നടത്തി വരികയാണ്. നാലുപേരടങ്ങുന്ന 10 ടീമുകളാണ് ഗൃഹസന്ദർശനം നടത്തുന്നത്. 1200 രക്തസാമ്പിളുകൾ ശേഖരിച്ചതിൽ രണ്ട് മലമ്പനി കേസുകൾ കൂടി സ്ഥിരീകരിച്ചു. നിലവിൽ മൂന്ന് മലമ്പനി കേസുകളാണ് അഞ്ചാംവാർഡിൽ കണ്ടെത്തിയത്.
നഗരസഭയുടെ 4, 5, 6, 7 വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്നത്. പ്രദേശത്ത് കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങളും കൊതുകു നശീകരണ പ്രവർത്തനങ്ങളും അടിയന്തരമായി നടക്കുന്നുണ്ട് .പ്രവർത്തനങ്ങൾക്ക് പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന സുദേശൻ, വാർഡ് കൗൺസിലർ കവിത ബാലു , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി.ഷുബിൻ, ടെക്നിക്കൽ അസിസ്റ്റന്റ് സി.കെ.സുരേഷ് കുമാർ, എപ്പിഡെമോളജിസ്റ്റ് കിരൺ രാജ്, ഹെൽത്ത് സൂപ്പർവൈസർമാരായ സി.ആർ.ശിവപ്രസാദ്, വിൻസെന്റ് സിറിൽ, എന്നിവർ നേതൃത്വം നൽകി.