മലപ്പുറം: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം സപ്ലൈകോ വിൽപ്പന ശാലകളിൽ അവശ്യ സാധനങ്ങൾക്ക് കടുത്ത പ്രതിസന്ധി. കഴിഞ്ഞ ഒരു വർഷമായി സപ്ലൈകോ സബ്സിഡി സാധനങ്ങൾക്ക് നേരിടുന്ന ക്ഷാമം തുടരുകയാണ്. അതിനാൽ പുറത്ത് നിന്നും അമിത വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. സബ്സിഡി സാധനങ്ങളിലെ കുറവ് മൂലം സപ്ലൈകോയിലെ വിൽപന വൻതോതിൽ കുറഞ്ഞിട്ടുണ്ട്. മലപ്പുറം നഗരത്തിലെ സപ്ലൈകോ ഔട്ട്ലെറ്റിൽ ചെറുപയർ, കടല, വൻപയർ, മല്ലി, പഞ്ചസാര, പച്ചരി, മട്ട അരി, വെളിച്ചെണ്ണ എന്നിവയാണ് ലഭ്യമല്ലാത്തത്. ഇവ എത്തിയിട്ട് ഒരുമാസത്തോളമായി. നാല് ദിവസം മുമ്പെത്തിയ മുളക്, പരിപ്പ്, ഉഴുന്ന്, ജയ അരി, കുറുവ അരി എന്നിവ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. 240 കിലോ മുളക്, 320 കിലോ പരിപ്പ്, ഉഴുന്ന്, 3,000 കിലോ വീതം ജയ അരി, കുറുവ അരി എന്നിവയാണ് എത്തിയിരുന്നത്. ഇവ ഏകദേശം തീർന്ന അവസ്ഥയാണ്. സപ്ലൈകോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് നൽകേണ്ട തുക വലിയ തോതിൽ കുടിശ്ശികയായതാണ് പ്രതിസന്ധിയ്ക്ക് കാരണം. സബ്‌സിഡി സാധനങ്ങൾ തന്നെ കുറഞ്ഞ അളവിലാണ് നൽകുന്നത്. 13 ഇനം സാധനങ്ങൾക്ക് സപ്ലോകോയിൽ നൽകിവന്നിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറച്ച് എട്ട് വർഷത്തിന് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വില വർദ്ധിപ്പിച്ചിരുന്നു.

ഓണത്തിനെത്തുമോ

സെപ്തംബർ പകുതിയോടെ ഓണമെത്തും. അപ്പോഴേക്കും സപ്ലൈകോയിൽ സാധനങ്ങളുടെ ക്ഷാമം പരിഹരിച്ചില്ലെങ്കിൽ പൊതുവിപണിയിൽ വില ഉയരും. ഓണം ഫെയർ ഉൾപ്പെടെയുള്ളവയുടെ സ്റ്റോക്ക് ഉറപ്പാക്കിയില്ലെങ്കിൽ ഓണത്തിന് വലിയ തോതിൽ വില ഉയരാൻ സാദ്ധ്യതയുണ്ട്.

തൃപ്തരല്ല ഭക്ഷ്യവകുപ്പ്

സപ്ലൈകോയ്ക്ക് ധനവകുപ്പ് കഴിഞ്ഞ ദിവസം 100 കോടി അനുവദിച്ചിരുന്നു. ഓണത്തിന് മുന്നോടിയായി സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാർക്ക് കുടിശ്ശിക തുക നൽകുന്നതിനും അവശ്യ സാധനങ്ങൾ 35 ശതമാനം വിലക്കുറവിൽ നൽകുന്നതിനുമാണ് തു അനുവദിച്ചത്. 600 കോടി കുടിശ്ശികയിൽ കുറച്ചെങ്കിലും നൽകിയാൽ ടെൻഡറിൽ പങ്കെടുക്കാമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ട്. സപ്ലൈകോ പ്രതിസന്ധി പരിഹരിക്കാൻ ഭക്ഷ്യവകുപ്പ് ചോദിച്ചത് 500 കോടി രൂപയായിരുന്നു. ഓണം അടുത്തിരിക്കെ ഇപ്പോൾ അനുവദിച്ച തുക ഒന്നിനും തികയില്ലെന്ന നിലപാടിലാണ് ഭക്ഷ്യവകുപ്പ്.