മലപ്പുറം: കോഴിമാലിന്യത്തിന് ഫീസ് ഏർപ്പെടുത്താനുള്ള ജില്ലാ ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതി ജില്ലാ ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. കോഴിമാലിന്യത്തിന് ന്യായമായ വില ലഭിക്കാൻ കോഴിക്കച്ചവടക്കാർക്ക് അർഹതയുണ്ട്. കോഴിമാലിന്യത്തെ ഉപോത്പന്നമാക്കുന്ന കമ്പനികൾ ഇത് വിൽപ്പന നടത്തി വൻ ലാഭം നേടുന്നതിന് പുറമെയാണ് കോഴിക്കച്ചവടക്കാരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത്. ചില തദ്ദേശസ്ഥാപനങ്ങൾ അവർ നിർദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്കേ കോഴിമാലിന്യം നൽകാവൂ എന്ന് നിർബന്ധിക്കുന്നതായും ഇതംഗീകരിക്കാൻ കഴിയില്ലെന്നും ജില്ലാ പ്രസിഡന്റ് ആർ.വി. അബ്ദുൾ നാസർ, സെക്രട്ടറി മുജീബ് കാളിപ്പാടൻ, ട്രഷറർ പി.പി. ഷാനവാസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.