തിരുരങ്ങാടി: കടലുണ്ടി പുഴയുടെ തീരങ്ങളിൽ കരയിടിച്ചിൽ വ്യാപകം. തിരൂരങ്ങാടി നഗരസഭയിലെ പത്താം ഡിവിഷൻ ഉൾപ്പെട്ട വെള്ളിനക്കാട് പ്രദേശത്താണ് വീടുകൾ പുഴ ഇടിച്ചിൽ ഭീഷണിയിൽ നിൽക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മൂന്ന് വീടുകൾ ഭീഷണി നേരിടുന്നുണ്ട്. പ്രദേശത്ത് ഒരു മഴ വന്നാൽ എട്ട് അടി, പത്ത് അടി എന്ന തോതിലാണ് ഇവിടെ പുഴകവർന്ന് എടുക്കുന്നതെന്നു ഡിവിഷൻ കൗൺസിലർ അരിമ്പ്ര മുഹമ്മദാലി പറയുന്നു. മൂന്നുവർഷം മുൻപ് കരയിടിച്ചിൽ വ്യാപകമായതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് തഹസിൽദാറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചിരുന്നു. അന്നത്തെ കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. പ്രളയകാലത്താണ് ഏറ്റവും കൂടുതൽ കരയിടിച്ചിൽ ഇവിടെ ഉണ്ടായിരുന്നത്.2018, 2019 വെള്ളപ്പൊക്കം നേരിട്ടപ്പോൾ അഞ്ഞൂറോളം വരുന്ന വീടുകൾ താമസം മാറി തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കഡറി സ്‌കൂളിലെ ക്യാമ്പിലായിരുന്നു താമസിച്ചിരുന്നത്.