ubaidulla

മലപ്പുറം: ഹോമിയോപ്പതി ചികിത്സയിൽ ജനങ്ങൾക്ക് വിശ്വാസം വർദ്ധിച്ചിട്ടുണ്ടെന്നും മാരകരോഗങ്ങൾക്ക് വരെ ആളുകൾ ഹോമിയോ ചികിത്സ തേടുന്നുണ്ടെന്നും പി.ഉബൈദുള്ള എം.എൽ.എ പറഞ്ഞു. ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് ഹാളിൽ നടന്ന ഹോമിയോപ്പതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലപ്പുറം നിയമസഭാമണ്ഡലത്തിൽ രണ്ട് ഹോമിയോ ഡിസ്പൻസറികൾക്ക് നേരത്തേ എം.എൽ.എ ഫണ്ട് നൽകിയിട്ടുണ്ടെന്നും സ്ഥലം കണ്ടെത്തിയാൽ ഒരു ഡിസ്‌പെൻസറിക്ക് കൂടി എം.എൽ.എ ഫണ്ട് നൽകുമെന്നും അദ്ദേഹം അറിയിച്ചു. മഞ്ചേരി ഗവ. ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.മുബഷിറ അദ്ധ്യക്ഷയായി. ഡി.എം.ഒ (ഹോമിയോപ്പതി) ഡോ.ഹന്നാ യാസ്മിൻ വയലിൽ, ഡോ.ഹരീഷ് കുമാർ, ഡോ.മുഹമ്മദ് അസ്ലം, ഡോ.കെ.കെ.ഷിജു, ഡോ.രശ്മി പർവീൻ പങ്കെടുത്തു.
'ഹോമിയോ: കുപ്രചരണങ്ങളും യാഥാർത്ഥ്യവും' വിഷയത്തിൽ നടന്ന മാദ്ധ്യമ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സർക്കാർ ഹോമിയോപ്പതി ഡോക്ടർമാരുടെ സയന്റിഫിക് പേപ്പർ പ്രസന്റേഷനും പരിപാടിയുടെ ഭാഗമായി നടന്നു. ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ചു ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം, ഉപന്യാസ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവയിലെ വിജയികൾക്ക് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു.