മലപ്പുറം: ജില്ലയിൽ നിപ ബാധിച്ച് 14കാരൻ മരിച്ച സാഹചര്യത്തിൽ അതീവജാഗ്രതാ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങൾ കണ്ടതു മുതൽ കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ ആളുകളുടെയും പട്ടിക ആരോഗ്യ പ്രവർത്തകർ തയ്യാറാക്കുകയാണ്. ചികിത്സ തേടി ആശുപത്രിയിലെത്തിയവർ, സ്‌കൂൾ-ട്യൂഷൻ സെന്റർ എന്നിവിടങ്ങളിലെ അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്. 50ഓളം ആരോഗ്യ പ്രവർത്തകർ പാണ്ടിക്കാട് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ചു.

നിപ സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപമുള്ള വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങാൻ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിർദ്ദേശം നൽകി. നിലവിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കയറി സർവേ നടത്തും. പാണ്ടിക്കാട് 16,711 വീടുകളും ആനക്കയത്ത് 16,248 വീടുകളുമാണുള്ളത്. ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വൊളന്റിയർമാരും ഉൾപ്പെടുന്ന സംഘമാണ് സർവേ നടത്തുക. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നിരവധി പേർ കൺട്രോൾ റൂമിൽ വിളിച്ചിട്ടുണ്ട്. സമ്പർക്കത്തിലുള്ള ഒരാളും വിട്ടുപോകാതിരിക്കാനായി മരിച്ച കുട്ടി ആദ്യം ചികിത്സ തേടിയിരുന്ന പാണ്ടിക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഐസൊലേഷനിൽ കഴിയുന്നവർക്ക് വേണ്ട സഹായത്തിന് വൊളന്റിയർമാരെ സജ്ജമാക്കിയിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പ് മേഖലയിൽനിന്നും മൃഗങ്ങളുടെ സാമ്പിൾ ശേഖരിക്കും. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ പൊലീസ് പട്രോളിംഗും നടക്കുന്നുണ്ട്.

ഇരു പഞ്ചായത്തുകളിലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരും. ഇവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.

അവലോകന യോഗങ്ങൾ ചേർന്നു

സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ സർക്കാർ അതിഥി മന്ദിരത്തിൽ അവലോകന യോഗം ചേർന്നിരുന്നു. ജില്ലാ കളക്ടർ വി.ആർ.വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന ഉൾപ്പെടെ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, ടാസ്‌ക് ഫോഴ്സ് ചുമതലയുള്ള ഉദ്യോഗസ്ഥർ, റവന്യൂ ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. വൈകിട്ട് അഞ്ചിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും വീണ്ടും യോഗം ചേർന്നു.
നിപ സ്ഥിരീകരിച്ച പാണ്ടിക്കാടിന് ചുറ്റുമുള്ള തദ്ദേശ സ്ഥാപന അദ്ധ്യക്ഷർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വൊളന്റിയർമാർ തുടങ്ങിയവരുടെ ഓൺലൈൻ യോഗവും മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നു. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളിൽ ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശിച്ചു. പാണ്ടിക്കാട്, ആനക്കയം, പോരൂർ, കീഴാറ്റൂർ, തുവ്വൂർ ഗ്രാമപഞ്ചായത്തുകളിലെയും മഞ്ചേരി, പെരിന്തൽമണ്ണ നഗരസഭകളിലെയും അദ്ധ്യക്ഷരും ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്. തുടർന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെയും ഐ.എം.എ പ്രതിനിധികളുടെയും ഓൺലൈൻ യോഗവും നടന്നു.

കൺട്രോൾ റൂം നമ്പറുകൾ

0483-2732010

0483-2732050

0483-2732060

0483-2732090

വിളിക്കാം


നിപയുമായി ബന്ധപ്പെട്ട് മാനസികരോഗ്യ പിന്തുണയും കൗൺസിലിംഗും ആവശ്യമുള്ളവർക്ക് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ

7593843625, 7593843625 നമ്പറുകളിൽ ബന്ധപ്പെടാം.

എന്താണ് നിപ വൈറസ്?

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണിത്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് നാല് മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാവാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി,ക്ഷീണം, കാഴ്ചമങ്ങൽ എന്നിവയും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കകം അബോധാവസ്ഥയിലെത്താനും സാദ്ധ്യതയുണ്ട്.

രോഗസ്ഥിരീകരണം

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആർ.ടി.പി.സി.ആർ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

മുൻകരുതലുകൾ

-കൃത്യമായി മാസ്‌ക് ധരിക്കുക
-സാമൂഹിക അകലം പാലിക്കുക
-ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് സമയം നന്നായി കഴുകുക. അല്ലാത്തപക്ഷം, ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക.
-രോഗിയുമായി ഒരു മീറ്ററെങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്ത് നിന്നും അകലം പാലിക്കുകയും ചെയ്യുക.
-രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

പകരുന്നതെങ്ങനെ

-രോഗം ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വായു കണികയിലൂടെ പകരും.

- രോഗം ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വായു കണികയിലൂടെ പകരും.
- രോഗിയുടെ സ്രവങ്ങളിലൂടെ
-രോഗി കൈകാര്യം ചെയ്ത സാധനങ്ങളിലൂടെ ( സോപ്പ്, വസ്ത്രം തുടങ്ങിയവ)
-രോഗാണുവാഹകരായ വവ്വാലുകളിൽ നിന്ന് മറ്റ് ജന്തുക്കളിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്കും പകരാം