ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ എത്തുമ്പോൾ സംസ്ഥാനത്തിന്റെ ഭീതിയും വർദ്ധിക്കുകയാണ്. മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയുടെ ജീവൻ നിപ കവർന്നതോടെ നാളിതുവരെയുള്ള നിപ മരണം ഇരുപത്തിയൊന്നായി. ഇത് അഞ്ചാം തവണയാണ് കേരളത്തിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2018 മേയിലാണ് കേരളം ആദ്യമായി നിപയെ നേരിട്ടത്. കോഴിക്കോട് സ്ഥിരീകരിച്ച വെെറസ് ബാധയിൽ അന്ന് 17 പേരാണ് മരിച്ചത്. പിന്നീട് 2021ൽ ഒരാളുടെയും 2023ൽ രണ്ടുപേരുടെയും മരണത്തിന് നിപ കാരണമായി.
പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അബോധാവസ്ഥയിൽ വെന്റിലേറ്ററിലിരിക്കെ ഹൃദയസ്തംഭനമുണ്ടാവുകയും തുടർന്ന് രക്തസമ്മർദ്ദം താഴുകയും ആന്തരിക രക്തസമ്മർദ്ദമുണ്ടാവുകയുമായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ഓസ്‌ട്രേലിയയിൽ നിന്നുള്ള ആന്റി ബോഡി മരുന്നും പൂനെയിൽ നിന്ന് പ്രതിരോധ വാക്സിനും എത്തിച്ചെങ്കിലും കൊടുക്കും മുമ്പേ കുട്ടി മരിക്കുകയായിരുന്നു. അതേ സമയം ഇന്നലെ വന്ന ഏഴു സാമ്പിളുകൾ നെഗറ്രീവ് ആയിരുന്നു എന്നതും ആശ്വാസം നൽകുന്നതാണ്. മലേഷ്യൻ സ്‌ട്രെയിൻ, ബംഗ്ലാദേശ് സ്‌ട്രെയിൻ എന്നീ രണ്ടുതരം നിപ വെെറസുകളിൽ മലപ്പുറത്ത് സ്ഥിരീകരിച്ചത് ബംഗ്ലാദേശ് സ്‌ട്രെയിൻ ആണ്.
ഉറവിടം അമ്പഴങ്ങ?
നിപ ബാധിച്ച കുട്ടി സമീപത്തെ പറമ്പിൽ നിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാർ സ്ഥിരീകരിച്ചതായും അവിടെ വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. പ്രാഥമിക വിലയിരുത്തലിൽ വൈറസിന്റെ ഉറവിടം ഇതാകാനാണ് സാദ്ധ്യത. മറ്റ് പരിശോധനകൾ നടത്തിയാലേ ഇത് സ്ഥിരീകരിക്കാനാവു. സമ്പർക്കത്തിലേർപ്പെട്ടവരെ വിട്ടുപോവാതിരിക്കാൻ കുട്ടി എത്തിയ ആശുപത്രിയിലെയുംസഞ്ചരിച്ച ബസിലെയുമടക്കം എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
സമ്പർക്കപ്പട്ടികയിൽ ജില്ലയ്ക്ക് പുറത്തുള്ളവരും
സമ്പർക്കപ്പട്ടികയിൽ പാലക്കാട്ടുള്ള രണ്ടുപേരും തിരുവനന്തപുരത്തെ നാലുപേരുമുണ്ട്. പാലക്കാട്ടുള്ള രണ്ട് പേർ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും തിരുവനന്തപുരം ജില്ലയിലുള്ളവർ പെരിന്തൽമണ്ണയിൽ ചികിത്സക്കെത്തിയവരുമാണ്.
ജാഗ്രതയോടെ മുന്നോട്ട്
മലപ്പുറം ജില്ലയിൽ നിപ ബാധിച്ച് 14കാരൻ മരിച്ച സാഹചര്യത്തിൽ അതീവജാഗ്രതാ നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ കണ്ടതു മുതൽ കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ ആളുകളുടെയും പട്ടിക ആരോഗ്യ പ്രവർത്തകർ തയ്യാറാക്കുകയാണ്. ചികിത്സ തേടി ആശുപത്രിയിലെത്തിയവർ, സ്‌കൂൾ, ട്യൂഷൻ സെന്റർ എന്നിവിടങ്ങളിലെ അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്. 50ഓളം ആരോഗ്യ പ്രവർത്തകർ പാണ്ടിക്കാട് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ചു. പനി സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപമുള്ള വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കയറി സർവേ നടത്തിക്കൊണ്ടിരിക്കുകയാണ്. പാണ്ടിക്കാട് 16,711 വീടുകളും ആനക്കയത്ത് 16,248 വീടുകളുമാണുള്ളത്. ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വൊളന്റിയർമാരും ഉൾപ്പെടുന്ന സംഘമാണ് സർവേ നടത്തുന്നത്. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും നിപ നിർമ്മാർജനം ചെയ്യാനുള്ള ഗവേഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഒരുക്കങ്ങൾ സജ്ജം
പൂർണമായും ഐസൊലേഷനിലുള്ള കുടുംബങ്ങൾക്ക് വൊളന്റിയർമാർ ആഹാരസാധനങ്ങൾ എത്തിച്ചുനൽകുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 60 ഐസൊലേഷൻ വാർഡുകളും മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകളും ആറ് ബെഡ്ഡുകളുള്ള ഐ.സി.യുവും സജ്ജീകരിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ പൊലീസ് പട്രോളിംഗും നടക്കുന്നുണ്ട്. ഈ പഞ്ചായത്തുകളിൽ പനിബാധിതരെ കണ്ടെത്തുന്നതിന് 224 ഫീവർ സർവയലൻസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവർ വീടുവീടാന്തരം കയറി പരിശോധന തുടരുകയാണ്. ആനക്കയത്ത് 80 ഉം പാണ്ടിക്കാട് 144 ഉം സംഘങ്ങളാണ് ഫീൽഡിലുള്ളത്. വളർത്തുമൃഗങ്ങളിലെ രോഗം നിരീക്ഷിക്കാൻ മൃഗസംരക്ഷണവകുപ്പിന്റെ സർവയലൻസ് സംഘവും ഫീൽഡ് പരിശോധന നടത്തുന്നുണ്ട്. മൃഗങ്ങളുടെ സാമ്പിളുകളും ഇവർ ശേഖരിക്കുന്നുണ്ട്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സഹപാഠികൾക്ക് മാനസിക പിന്തുണ നൽകുന്നതിന് കൗൺസലിംഗ് നൽകും. പ്രത്യേക ക്ലാസ് പി.ടി.എകൾ ഓൺലൈനായി വിളിച്ചചേർത്ത് കൗൺലിംഗ് നടത്താൻ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.
രോഗപ്രതിരോധത്തിന്
മുൻകരുതലുകൾ
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് നാല് മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാവാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി,ക്ഷീണം, കാഴ്ചമങ്ങൽ എന്നിവയും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കകം അബോധാവസ്ഥയിലെത്താനും സാദ്ധ്യതയുണ്ട്.
രോഗസ്ഥിരീകരണം തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആർ.ടി.പി.സി.ആർ പരിശോധന വഴിയാണ്.
രോഗം ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ ശ്രവങ്ങളായി വായു കണികയിലെത്തി പകരുകയാണ് ചെയ്യുന്നത്. രോഗി കൈകാര്യം ചെയ്ത സാധനങ്ങൾ (സോപ്പ്, വസ്ത്രം തുടങ്ങിയവ) ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. രോഗാണുവാഹകരായ വവ്വാലുകളിൽ നിന്ന് മറ്റ് ജന്തുക്കളിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്കും പകരാൻ സാദ്ധ്യതയുണ്ട്.
മുൻകരുതലുകൾ
കൃത്യമായി മാസ്‌ക് ധരിക്കുക
സാമൂഹിക അകലം പാലിക്കുക
പൊതു ഇടങ്ങളിൽ പോയിവന്ന ശേഷം കൈകൾ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക.
രോഗിയുമായി ഒരു മീറ്ററെങ്കിലും ദൂരം പാലിക്കണം
വവ്വാലോ മറ്റ് പക്ഷികളോ കടിച്ച പഴങ്ങൾ കഴിക്കാതിരിക്കുക.