vvvvv

മലപ്പുറം: നിപ വൈറസ് ബാധയെത്തുടർന്ന് ജില്ലയിലുടനീളം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ മാത്രമേ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളൂ എങ്കിലും രോഗം പടരാതെ തടയാൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട 68കാരൻ ട്രാൻസിറ്റ് ഐ.സി.യുവിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവായിരുന്നു.
നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പ്രോട്ടോക്കോൾ പ്രകാരം 21 ദിവസം ഐസൊലേഷനിൽ നിർബന്ധമായും കഴിയണം. രോഗിയുമായി അവസാന സമ്പർക്കമുണ്ടായ സമയം മുതലുള്ള 21 ദിവസമാണ് കർശനമായ നിരീക്ഷണ കാലയളവെന്നും മന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.

കൗൺസലിംഗ് നൽകും

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സഹപാഠികൾക്ക് മാനസിക പിന്തുണ നൽകുന്നതിന് കൗൺസലിംഗ് നൽകും. പ്രത്യേക ക്ലാസ് പി.ടി.എകൾ ഓൺലൈനായി വിളിച്ച് ചേർത്ത് കൗൺസലിംഗ് നടത്താൻ വിദ്യാഭ്യാസ വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാം സജ്ജം


പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ പനിബാധിതരെ കണ്ടെത്തുന്നതിന് 224 ഫീവർ സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവർ വീടുവീടാന്തരം കയറി പരിശോധന തുടരുകയാണ്. ആനക്കയത്ത് 80, പാണ്ടിക്കാട് 144 സംഘങ്ങളാണ് ഫീൽഡിലുള്ളത്. വളർത്തുമൃഗങ്ങളിലെ രോഗം നിരീക്ഷിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ സർവൈലൻസ് സംഘവും ഫീൽഡ് പരിശോധന നടത്തുന്നുണ്ട്. മൃഗങ്ങളുടെ സാമ്പിളുകളും ഇവർ ശേഖരിക്കുന്നുണ്ട്.

യോഗം ചേർന്നു

ഇന്നലെ രാവിലെ ഒമ്പതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ ഓൺലൈനായും ജില്ലാ കളക്ടർ വി.ആർ.വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന, പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാദി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ ഓഫ്‌ലൈനായും പങ്കെടുത്തു. വൈകിട്ട് അഞ്ചിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.