മലപ്പുറം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് നിപ പ്രോട്ടോക്കോൾ പാലിച്ച് ഇന്നലെ ജില്ലയിൽ നടത്തി. ഇതേ നിയന്ത്രണങ്ങളോടെ ഇന്നും അലോട്ട്‌മെന്റ് തുടരും. മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയവ കർശനമായി പാലിക്കണമെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. പോളിടെക്നിക് അലോട്ട്‌മെന്റും ഇപ്രകാരം നടത്തും.

പെൻഷൻ മസ്റ്ററിംഗ് പാടില്ല

പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിൽ പെൻഷൻ മസ്റ്ററിംഗ് നടത്തരുത്. ഇവിടങ്ങളിൽ മസ്റ്ററിംഗിന് സമയം നീട്ടി നൽകും. ജില്ലയിലെ മറ്റിടങ്ങളിൽ കർശനമായ നിപ പ്രോട്ടോക്കോൾ പാലിച്ച് മസ്റ്ററിംഗ് നടക്കുമെന്നും മന്ത്രി അറിയിച്ചു.

ശരിയായ ദിശ

നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ് പോവുന്നതെന്ന് മന്ത്രി പറഞ്ഞു. ഐസൊലേഷൻ കൃത്യമായി നടക്കുന്നു എന്നുറപ്പാക്കും. രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് എം.പി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നതിൽ നിപയെ ഒറ്റക്കെട്ടായി നേരിടാനുള്ള സഹകരണവും പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധം ശക്തം

രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് തലത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ 6,642 വീടുകൾ സന്ദർശിച്ചു. പാണ്ടിക്കാട് 3,702 വീടുകളും ആനക്കയത്ത് 2,940 വീടുകളും സന്ദർശിച്ചു. പാണ്ടിക്കാട് 331 പനി കേസുകളും ആനക്കയത്ത് 108 പനിക്കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പാണ്ടിക്കാട്ടെ നാലു കേസുകൾ മാത്രമാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആകെ 7,239 വീടുകളിലാണ് ആരോഗ്യ വകുപ്പ് സന്ദർശനം നടത്തിയത്. മരണപ്പെട്ട കുട്ടിയുടെ കുട്ടിയുടെ സ്കൂളിലെ ക്ലാസ് പി.ടി.എ ചേർന്നിരുന്നു. കുട്ടികൾക്ക് കൗൺസലിംഗ് ആവശ്യമെങ്കിൽ വിദഗ്ദ്ധരുടെ സഹായത്തോടെ നൽകും. അദ്ധ്യാപകർക്കും സംശയ നിവാരണം നൽകും.