മലപ്പുറം: സംസ്ഥാനത്ത് നിപ രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്ജ്. നിപ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിനാൽ നിയന്ത്രണങ്ങളിൽ അയവ് വരുത്താനാവില്ല. പൊതുജനങ്ങൾ ജാഗ്രത പാലിക്കുകയും പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് തുടരുകയും ചെയ്യണം. മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും സമ്പർക്ക പട്ടികയിലുള്ള ഓരോരുത്തരെയും വിദഗ്ദ്ധ പരിശോനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നിപ സംബന്ധിച്ച് സമൂഹ മാദ്ധ്യമങ്ങൾ വഴി തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമത്തിലെയും സൈബർ നിയമത്തിലെയും വകുപ്പുകൾ ചുമത്തി നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. നിപ നേരിടാൻ ജില്ലയിലെ ജനങ്ങൾ നൽകിയ സഹകരണം എടുത്ത് പറയണം.മാദ്ധ്യമങ്ങൾ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെ ഒമ്പതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ കോബ്രഗഡെ, ജില്ലാ കളക്ടർ വി.ആർ.വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന, അസിസ്റ്റന്റ് കളക്ടർ വി.എം.ആര്യ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.ബാലസുബ്രഹ്മണ്യം തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു. തുടർന്ന് വൈകിട്ട് അഞ്ചിന് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ വീണ്ടും യോഗം ചേർന്നു.
ഊർജ്ജിത പ്രവർത്തനം
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ ലാബ് കോഴിക്കോട്ടെത്തിച്ചു. പ്രവർത്തനം തുടങ്ങിയിട്ടുണ്ട്
ഇത് മഞ്ചേരിയിൽ കൂടി പ്രവർത്തിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെത്തിയിട്ടുണ്ട്.
പാണ്ടിക്കാട്, ആനക്കയം, പഞ്ചായത്തുകളില്‍ ഫീവര്‍ സര്‍വൈലന്‍സ് സംഘം വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചതായും മന്ത്രി അറിയിച്ചു.
ആനക്കയം പഞ്ചായത്തില്‍ 95 സംഘങ്ങളും പാണ്ടിക്കാട് പഞ്ചായത്തില്‍ 144 സംഘങ്ങളുമാണ് ഗൃഹസന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്.