മലപ്പുറം: ട്രോളിംഗ് നിരോധനം 31ന് അർദ്ധരാത്രിയോടെ അവസാനിക്കാനിരിക്കെ വീണ്ടും ചാകര തേടി കടലിലേക്ക് പോകാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികൾ. ബോട്ടുകളുടെ എൻജിൻ പ്രവർത്തനക്ഷമതാ പരിശോധനയും ബോട്ടുകളിലേക്കാവശ്യമായ വലകളും മറ്റ് ഉപകരണങ്ങളും എത്തിക്കുന്ന പ്രവർത്തനങ്ങളുമായി മത്സ്യതൊഴിലാളികൾ സജീവമായി രംഗത്തുണ്ട്. മത്സ്യങ്ങളുടെ പ്രചനനകാലം പൂർത്തിയായതോടെ മത്സ്യങ്ങൾ ധാരാളമുണ്ടാവുമെന്ന് തൊഴിലാളികൾ പറയുന്നു.
മത്സ്യത്തിന്റെ ലഭ്യതക്കുറവും ഡീസൽ വില വർദ്ധനവും മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധനം വറുതിയുടെ കാലമായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ചെറുവള്ളങ്ങളിൽ പോയി മീൻപിടിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. ട്രോളിംഗ് നിരോധനത്തോടെ നാട്ടിൽ പോയവരെല്ലാം തിരികെയെത്താൻ തുടങ്ങിയിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തിയാണ് ബോട്ടുകൾ വള്ളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നത്. അധിക പേരും ആധാരം പണയം വച്ചും ലോണെടുത്തും സ്വർണം പണയപ്പെടുത്തിയുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്.
നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. ഇത്രയും തുക മുടക്കി കടലിൽ പോവുമ്പോൾ ചാകരക്കോൾ ലഭിച്ചില്ലെങ്കിൽ കാലവർഷവും കടലാക്രമണവും ട്രോളിംഗ് നിരോധനവും കാരണം വഴിമുട്ടിയ തങ്ങൾ വീണ്ടും ദുരിതത്തിലാവുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പിടിച്ച് നിൽക്കാനുള്ള ബുദ്ധിമുട്ട് കാരണം ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്.
ഡീസലിന് ദിനംപ്രതിയുണ്ടാകുന്ന വില വർദ്ധനവിന് ആശ്വാസമായി സർക്കാർ സബ്സിഡി അനുവദിക്കണം.
കെ.സമദ്, മത്സ്യത്തൊഴിലാളി
ചെറുപ്പക്കാർ മത്സ്യബന്ധന മേഖലയിലേക്ക് വരുന്നത് കുറവാണെന്നതിനാൽ ബോട്ടുകളിൽ കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ്. ഞാൻ പോകുന്ന ബോട്ടിലെ 13 പേരിൽ 10 പേരും അന്യ സംസ്ഥാനത്തുള്ളവരാണ്. വരുമാനം കുറവായതിനാൽ യുവാക്കൾ മറ്റ് മേഖലകൾ തേടി പോകുകയാണ്.
ബീരാൻകുട്ടി, മത്സ്യത്തൊഴിലാളി