മലപ്പുറം : മെയിന്റനൻസ് ട്രൈബ്യൂണലായ സബ് കളക്ടറുടെ ഉത്തരവിനെതിരെ അപ്പീൽ അധികാരിയായ ജില്ലാ കളക്ടറെ സമീപിക്കാതെ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകുന്നത് ശരിയായ നടപടിക്രമമല്ലെന്ന് കമ്മിഷൻ.
നിയമാനുസൃതമായ പരിഹാരമാർഗം ലഭ്യമാണെന്നിരിക്കെ കമ്മിഷന്റെ ഇടപെടൽ തത്കാലം ആവശ്യമില്ലെന്നും കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
പൂക്കോട്ടംപാടം സ്വദേശിനിയുടെ പരാതിയാണ് കമ്മിഷൻ തീർപ്പാക്കിയത്. തന്റെ മകൻ തന്നെ സംരക്ഷിക്കാമെന്ന വാക്കു നൽകി സ്വത്ത് പൂർണമായി എഴുതിവാങ്ങിയെങ്കിലും സംരക്ഷിക്കുന്നില്ലെന്ന് പരാതിക്കാരി അറിയിച്ചു. സ്ഥലം തിരികെ എഴുതി നൽകണമെന്ന പരാതിക്കാരിയുടെ ആവശ്യം പെരിന്തൽമണ്ണ സബ് കളക്ടർ നിരസിച്ചു.
പരാതിക്കാരിയുടെ ഭക്ഷണം, വസ്ത്രം, ആരോഗ്യം എന്നീ കാര്യങ്ങൾക്കുള്ള ചെലവുകൾ എല്ലാ മക്കളും തുല്യമായി വീതിച്ച് പരാതിക്കാരിയെ സംരക്ഷിക്കണമെന്നായിരുന്നു സബ് കളക്ടറുടെ ഉത്തരവ്. മക്കൾ പരാതിക്കാരിയുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാതിരുന്നാൽ പരാതിക്കാരിക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു. ഉത്തരവിന് വിരുദ്ധമായി എതിർകക്ഷികൾ പ്രവർത്തിച്ചാൽ വയോജന സംരക്ഷണ നിയമം 2007 സെക്ഷൻ 24 പ്രകാരം നടപടിയെടുക്കണമെന്നും സബ്കളക്ടർ വിധിച്ചു.
എന്നാൽ പരാതിക്കാരി സബ് കള്കടറെയോ ജില്ലാ കളക്ടറെയോ സമീപിക്കാതെയാണ് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയത്.