മലപ്പുറം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക സമയബന്ധിതമായി കൈമാറുമെന്ന വാഗ്ദാനം നടപ്പാക്കാതെ സർക്കാർ. പാചകത്തൊഴിലാളികൾക്കുള്ള കൂലിയിൽ ജൂൺ മാസത്തെ തുക കൊടുത്തിട്ടില്ല.
പലചരക്ക് സാധനങ്ങൾ വാങ്ങിയ വകയിലുള്ള തുക മാത്രമാണ് കൊടുത്തിട്ടുള്ളത്. ജൂൺ മാസത്തിലെ തുക ഒരാഴ്ചയ്ക്കകം നൽകുമെന്നാണ് അധികൃതർ പറയുന്നത്.
വിദ്യാർത്ഥികൾക്കുള്ള പാൽ, മുട്ട എന്നിവയ്ക്കുള്ള തുക ലഭ്യമായിട്ടില്ല. കഴിഞ്ഞ അദ്ധ്യയന വർഷം വരെ മുട്ടയ്ക്കും പാലിനുമുള്ള തുക അധികമായി അനുവദിച്ചിരുന്നില്ല. എന്നാൽ ഈ വർഷം മുതൽ അധിക തുക അനുവദിക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. പല സ്കൂളുകളിലും പദ്ധതി മുടങ്ങാതിരിക്കാനായി പ്രധാനാദ്ധ്യാപരാണ് ഇവയ്ക്കുള്ള പണം നൽകിവരുന്നത്. ചില സ്കൂളുകൾ കടമായി വാങ്ങുന്നുമുണ്ട്. എന്നാൽ, പാലിനുള്ള പണം കൃത്യമായി കൊടുത്തില്ലെങ്കിൽ വിതരണം ചെയ്യാൻ പലരും
താത്പര്യം കാണിക്കില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പല സ്‌കൂളുകളിലും പണം ലഭിക്കാത്തതിനാൽ മുട്ട നൽകാത്ത സ്ഥിതിയുമുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. വലിയ സാമ്പത്തിക ബാദ്ധ്യതയാവുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ഏറ്റെടുക്കുക ഇവർക്ക് പ്രയാസമാണ്. മുട്ട വേണ്ടാത്തവർക്ക് നേന്ത്രപ്പഴവും നൽകിയിരുന്നു.കമ്പോള വിലനിലവാരം അനുസരിച്ച് പ്രത്യേകം തുക അനുവദിക്കും വരെ മുട്ട, പാൽ വിതരണം നിറുത്തിവയ്ക്കാൻ നിർബന്ധിതരാവേണ്ട അവസ്ഥയിലാണെന്ന് സ്‌കൂൾ അധികൃതർ പറയുന്നു.
2016ലെ നിരക്ക് തന്നെ
സാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുമ്പോഴും 2016ൽ നിശ്ചയിച്ച ഉച്ചഭക്ഷണ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഒരാൾക്ക് ആറ് രൂപ നിരക്കിലും ആറ് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഒരാൾക്ക് 8.17 രൂപ നിരക്കിലുമാണ് തുക അനുവദിക്കുന്നത്.