തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തിലെ വോൾട്ടേജ് പ്രശ്നങ്ങൾക്ക് പരിഹാരമാവുന്ന വിവിധ
പദ്ധതികൾ വേഗത്തിലാക്കാൻ പി. അബ്ദുൽ ഹമീദ് എം.എൽ.എ വിളിച്ച് ചേർത്ത മണ്ഡലം തല കെ.എസ്.ഇ.ബി ഉപദേശക സമിതി യോഗത്തിൽ തീരുമാനം. തലപ്പാറ സബ് സ്റ്റേഷൻ സ്ഥലമേറ്റെടുപ്പിനായി ബോർഡിൽ നിന്നും ധനാനുമതി ലഭിച്ചു. ഏറ്റെടുക്കാനുള്ള സ്ഥലത്തിന്റെ പ്രമാണ പരിശോധനയിലാണ്.
അനുകൂലമെങ്കിൽ സ്ഥലമേറ്റെടുപ്പ് നടപടിയിലേക്ക് പ്രവേശിക്കും.
വള്ളിക്കുന്ന് സബ് സ്റ്റേഷനായുള്ള സ്ഥലപരിശോധന പൂർത്തീകരിച്ചു. ദൂരരേഖ സംബന്ധിച്ച് ഭൂരേഖാ തഹസിൽദാർക്ക് കത്ത് നൽകാൻ കെ.എസ്.ഇ.ബി പ്രസരണ വിഭാഗം തിരൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് എം.എൽ.എ നിർദ്ദേശം നൽകി. കുന്നുംപുറം സബ് സ്റ്റേഷൻ നിർമ്മാണം നവംബറിൽ പൂർത്തീകരിക്കും. അനുബന്ധ പ്രവൃത്തികൾ ഡിസംബറോടെ പൂർത്തീകരിക്കാനാവും. എ പോൾ ലൈൻ വലിക്കുന്നയിടങ്ങളിൽ ചില പ്രാദേശിക തടസ്സങ്ങളുണ്ട്. അതിന് ജനപ്രതിനിധികളുടെ സഹകരണം അനിവാര്യണെന്ന് പ്രസരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ പറഞ്ഞു.
കാക്കഞ്ചേരി കിൻഫ്ര പാർക്കിലെ സബ് സ്റ്റേഷന്റെ നിലവിലെ കപ്പാസിറ്റി വർദ്ധിപ്പിച്ച് നിലവിലെ കൺട്രോൾ യൂണിറ്റിന്റെ വികസനത്തിനായി പ്രൊപ്പോസൽ തയ്യാറാക്കും. ഇതിന് കിൻഫ്രയുടെ സഹായം തേടും. ചേളാരി സബ് സ്റ്റേഷനിൽ നിന്നും തലപ്പാറയിലേക്കും കാടപ്പടിയിലേക്കും എ.ബി.സി ഫീഡറുകൾ വിതരണത്തിനായി വലിക്കുന്നതിന്റെ പ്രവൃത്തി ടെൻഡർ പൂർത്തീകരിച്ചു.ദേശീയപാത വിഭാഗത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
പരപ്പനങ്ങാടി സബ് സ്റ്റേഷനിൽ നിന്നും തലപ്പാറയിലേക്ക് പുതിയ എ.ബി.സി ഫീഡർ വലിക്കുന്നതിന്
പൊതുമരാമത്ത് പാലങ്ങൾ വിഭാഗത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങൾ പ്രായോഗികമായി പരിഹരിക്കാൻ പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർക്ക് എം.എൽ.എ ഫോണിലൂടെ നിർദ്ദേശം നൽകി. വള്ളിക്കുന്ന് സെക്‌ഷനിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരപ്പനങ്ങാടി സബ് സ്റ്റേഷനിൽ നിന്നും
പുതിയ എ.ബി.സി ഫീഡർ വലിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുകയാണ്.
ചേളാരി സബ് സ്റ്റേഷനിൽ 12.5 എം.വി.എ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നും തലപ്പാറ, കാടപ്പടി പുതിയ ഫീഡറുകൾ വലിക്കുന്നതോടൊപ്പം പള്ളിക്കൽ ഭാഗങ്ങളിലേക്കും പുതിയ എ.ബി.സി ഫീഡർ വലിക്കൽ പ്രവൃത്തി പൂർത്തീകരിച്ച് വരികയാണ്. ഫറോക്ക് സബ്‌സ്റ്റേഷനിൽ നിന്നും ബാക്ക് ഫീഡിംഗ് ലഭിച്ചാൽ കിൻഫ്രയുടെ പ്രവർത്തനത്തിന് കൂടുതൽ പ്രയോജനപ്പെടുമെന്ന കിൻഫ്രയുടെ ആവശ്യം യോഗം ചർച്ച ചെയ്തു. നിലവിലുള്ള കണ്ടൻസറിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കുന്നതടക്കമുളള സാദ്ധ്യതാ പഠനം നടത്തി പരിഹാരം കാണാൻ കോഴിക്കോട് സർക്കിൾ ചീഫ് എൻജിനിയർക്ക് കത്ത് നൽകാൻ തീരുമാനിച്ചു.