തേഞ്ഞിപ്പലം : സ്പെയിനിലെ മാഡ്രിഡിൽ നടന്ന ഇരുപതാമത് അന്താരാഷ്ട്ര ബൊട്ടാണിക്കൽ കോൺഗ്രസിൽ മികച്ച പ്രബന്ധാവതരണത്തിനുള്ള അവാർഡ് കാലിക്കറ്റ് സർവകലാശാലാ ബോട്ടണി വിഭാഗത്തിലെ ഡോ. സി. പ്രമോദിന്റെ കീഴിൽ ഗവേഷണം നടത്തുന്ന വി.വി. ദൃശ്യയ്ക്ക് ലഭിച്ചു. കാറ്റിലൂടെ വിതരണം ചെയ്യപ്പെടുന്ന വിത്തുകളിൽ നടത്തിയ ഗവേഷണത്തിനാണ് അന്താരാഷ്ട്ര അംഗീകാരം. സർവകലാശാലാ ബോട്ടണി വിഭാഗത്തിൽ നിന്നു വിരമിച്ച അദ്ധ്യാപകൻ ഡോ. എ.കെ. പ്രദീപ്, തലശേരി ഗവ. ബ്രണ്ണൻ കോളേജ് ഫിസിക്സ് വിഭാഗം അദ്ധ്യാപകൻ ഡോ. ടി.പി. സുരേഷ് എന്നിവരും ഗവേഷണത്തിൽ പങ്കാളികളാണ്. സർവകലാശാലാ ഫിസിക്സ് വിഭാഗത്തിലെ പ്രൊഫ. ഡോ. മുഹമ്മദ് ഷാഹിൻ തയ്യിൽ, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അദ്ധ്യാപകൻ ഡോ. എം. ദിലീപ്കുമാർ, ബ്രണ്ണൻ കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അദ്ധ്യാപകൻ ഡോ. സാബു എന്നിവരും സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
90 രാജ്യങ്ങളിൽ നിന്നായി മൂവായിരത്തോളം പേർ പങ്കെടുത്ത, ആറു വർഷത്തിലൊരിക്കൽ മാത്രം ചേരുന്ന അന്താരാഷ്ട്ര കോൺഗ്രസ് ഇത്തവണ ജൂലായ് 21 മുതൽ 27 വരെയാണ് മാഡ്രിഡിൽ നടന്നത്. സസ്യവർഗ്ഗീകരണ ശാസ്ത്രവുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദ്ദേശങ്ങളും രൂപീകരിക്കുന്നതും അംഗീകരിക്കപ്പെടുന്നതും ഇതിനോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിലാണ് 267 സിമ്പോസിയങ്ങളിലായി നടന്ന 1600ലധികം വരുന്ന പ്രബന്ധാവതരണങ്ങളിൽ നിന്നാണ് ദൃശ്യയെ അവാർഡിനായി തിരഞ്ഞെടുത്തത്. 1000 യൂറോ ആണ് അവാർഡ് തുക. കഴിഞ്ഞ വർഷം കാസർകോട് നടന്ന കേരളാ ശാസ്ത്ര കോൺഗ്രസിലും ദൃശ്യയ്ക്ക് മികച്ച പ്രബന്ധാവതരണത്തിന് അവാർഡ് ലഭിച്ചിട്ടുണ്ട്. മികച്ച ബൊട്ടാണിക്കൽ ആർട്ടിസ്റ്റ് കൂടിയായ ദൃശ്യയ്ക്ക് ആ മേഖലയിലും അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിനിയായ ദൃശ്യയുടെ ഗവേഷണ കേന്ദ്രം തലശേരി ഗവ. ബ്രണ്ണൻ കോളേജ് ആണ്. അഞ്ചരക്കണ്ടി വാഴവച്ച വളപ്പിൽ കെ. ചന്ദ്രന്റെയും വി.വി. നിഷയുടെയും മകളാണ്. സഹോദരൻ ശിഥിൽ വി.വി. (കുവൈറ്റ്).