ffffff
.

മലപ്പുറം: ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലെ രണ്ടു വാർഡുകൾ ഒഴികെയുള്ള മറ്റു വാർഡുകളിൽ നിപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉത്തരവ് പുറപ്പെടുവിച്ചു. നിപ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണമാണ് ഒഴിവാക്കിയത്. ആനക്കയം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവ ഒഴികെയുള്ള വാർഡുകളിലാണ് പ്രത്യേക നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ഈ രണ്ടു വാർഡുകളിലും നിലവിലുള്ള പ്രത്യേക നിയന്ത്രണങ്ങൾ തുടരും. ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക എന്നീ നിയന്ത്രണങ്ങൾ ഇനിയും തുടരും.

നിലവിൽ ഐസൊലേഷനിലോ നിരീക്ഷണത്തിലോ ഉള്ള എല്ലാവരും നിർബന്ധമായും 21 ദിവസം ഐസൊലേഷനിൽ തുടരണം. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണമേ ഐസൊലേഷൻ അവസാനിപ്പിക്കാവൂ. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.