എടക്കര: വഴിക്കടവിൽ നിർധന കുടുംബം താമസിച്ചിരുന്ന വീട് പൂർണമായും കത്തി നശിച്ചു. കാരക്കോട് അമ്പലക്കുന്ന് മണലായി പ്രേമദാസിന്റെ വീടാണ് ഞായറാഴ്ച ഉച്ചയോടെ കത്തി നശിച്ചത്. കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം, ഭൂമിയെ സംബന്ധിച്ചത് ഉൾപ്പെടെയുളള രേഖകൾ, വീട്ടുപകരണങ്ങൾ, കുട്ടികളുടെ പാഠപുസ്തകങ്ങൾ, വസ്ത്രങ്ങൾ എന്നിവ നശിച്ചവയിൽ ഉൾപ്പെടും. ലൈഫ് പദ്ധതി പ്രകാരം വീടിന് അനുവദിച്ച രണ്ടാം ഘഡുവാണ് അലമാരയിൽ ഉണ്ടായിരുന്നത്. മരപ്പണിക്കാരനായ പ്രേമദാസ് ജോലി ആവശ്യത്തിനായി നാദാപുരത്തായിരുന്നു. ഭാര്യയും മകളും ആശുപത്രിയിലും മകൻ ട്യൂഷൻ ക്ലാസിനും പോയിരുന്നു. തകരഷീറ്റും പ്ലാസ്റ്റിക്കും ഉപയോഗിച്ച് പണിത ഈ വീട്ടിലാണ് കുടുംബം 15 വർഷമായി താമസിച്ചിരുന്നത്. നാട്ടുകാരും വഴിക്കടവ് പൊലീസും നിലമ്പൂരിൽ നിന്നും ഫയർഫോഴ്സുമെത്തിയാണ് തീ അണച്ചത്. അപ്പേഴേക്കും വീട് പൂർണമായും കത്തിയമർന്നു. വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശ നഷ്ടങ്ങൾ കണക്കാക്കി. പ്രേമദാസിന്റെ സഹോദരന്റെ വീട്ടിലേക്ക് ഇവരെ മാറ്റി പാർപ്പിക്കാനുളള ഒരുക്കത്തിലാണ് നാട്ടുകാർ.