vv

പെരിന്തൽമണ്ണ: പണം കടം കൊടുത്തതുമായി ബന്ധപ്പെട്ടുണ്ടായ കലഹത്തെ തുടർന്ന് സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് ചിദംബരം കാട്ടുമണ്ണാർ കോയിൽ താലൂക്ക് സ്വദേശി തമിഴ്‌മണി എന്ന ചിന്നമണിയെയാണ് (38) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കക്കൂത്തുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവന്നിരുന്ന തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി തമിഴ്‌മാരനെയാണ് ചിന്നമണി വെട്ടി പരിക്കേൽപ്പിച്ചത്. തമിഴ്‌മാരൻ ചിന്നമണിക്ക് കടം കൊടുത്ത പണം തിരികെ ചോദിച്ചപ്പോഴുണ്ടായ വാക്തർക്കത്തിനിടെയാണ് തമിഴ്‌മാരന്റെ കഴുത്തിന് വെട്ടേറ്റത്. തമിഴ്‌മാരൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവശേഷം പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി തമിഴ്‌നാട്ടിലേക്ക് മുങ്ങി. ചിദംബരത്ത് വച്ചാണ് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ പെരിന്തൽമണ്ണ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

എസ് ഐ പ്രദീപിന്റെ നേതൃത്വത്തിൽ എസ് സി പി ഒ ഷജീർ മുതുകുറുശ്ശി, സിപിഒ കൃഷ്ണപ്രസാദ് കാട്ടാക്കട എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. എസ്.ഐ ഷിജോ സി. തങ്കച്ചൻ ,എസ്.സി.പി.ഒമാരായ ഷൗക്കത്തലി പന്തല്ലൂർ, മൻസൂർ പൂക്കോട്ടൂർ, ജിതിൻ മുട്ടുങ്ങൽ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തുടരന്വോഷണം നടത്തുമെന്നും പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ അറിയിച്ചു.