നിലമ്പൂർ: നിലമ്പൂർ മേഖലയിൽ ഞായറാഴ്ച രാത്രി മുതൽ നിറുത്താതെ പെയ്ത മഴ അതിശക്തമായി തുടരുന്നു.
രാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ കെഎൻജി റോഡിൽ വെളിയംതോട് ഭാഗത്തും നിലമ്പൂർ മാനവേദൻ ഹയർസെക്കൻഡറി സ്കൂളിന്റെ മുൻപിലും വെള്ളം കയറി. വെളിയംതോട് ഭാഗത്ത് വാഹനങ്ങൾക്കും മറ്റും കേടുപാടുകളുണ്ടായി. 25ഓളം ബൈക്കുകൾ വെള്ളത്തിൽ ഓഫ് ആയി. ആറ് കാറുകളും പത്തിലേറെ ഓട്ടോറിക്ഷകളും വെള്ളം കയറി കേടു വന്നു. വർക് ഷോപ്പുകളും സ്പെയർപാർട്സ് കടകളുമടങ്ങുന്ന മുപ്പതിലേറെ കടകളിലേക്ക് വെള്ളം കയറി. കരുളായി പാലാങ്കരയിൽ പുഴ മുറിച്ച് കടന്ന് തീറ്റ തേടി വന്ന കാട്ടാന തിരിച്ചു പോകുന്ന സമയത്ത് മൂന്നു തവണ ഒലിച്ചുപോയി. നാലാമത്തെ തവണയാണ് ലക്ഷ്യം കൈവരിച്ചത്. മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.ഇന്നലെ മുതൽ മേപ്പാടി ചൂരമല ഭാഗത്ത് കനത്ത മഴയെ തുടർന്ന് ചാലിയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട് .മഴ തുടരുന്ന സാഹചര്യത്തിൽ ഇനിയും ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അടിയന്തിര സാഹചര്യമുണ്ടായാൽ പഞ്ചായത്തുമായോ വില്ലേജ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.