നിലമ്പൂർ: ഒഴുകിയെത്തുന്ന പകുതി വേർപ്പെട്ട മനുഷ്യ ശരീരങ്ങൾ, ചലനമില്ലാത്ത കുഞ്ഞുടലുകൾ. ചാലിയാറിന്റെ കുത്തൊഴുക്കിൽ ഇന്നലെ കണ്ട കാഴ്ച ഹൃദയം തകർത്തു... വീടിന്റെ സുരക്ഷിതത്വത്തിൽ കിടന്നുറങ്ങിയ 32 പേർ ചേതനയറ്റ് ഒഴുകിയെത്തിയത് 100 കിലോമീറ്ററോളം അകലെയുള്ള നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ.
പാതി തലയുള്ള നാല് വയസുകാരൻ, അരയ്ക്ക് താഴേ വേർപ്പെട്ട 50കാരൻ, തല വേർപ്പെട്ട ഏഴ് വയസുകാരൻ, കാലില്ലാത്ത 50കാരൻ...ചോരമരവിപ്പിക്കുന്ന ഭീകര കാഴ്ചകൾ...
വയനാട്ടിലെ ഒരു ഗ്രാമത്തെയാകെ ഇല്ലാതാക്കിയ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായി ചാലിയാറിന്റെ വിവിധ തീരങ്ങളിൽ നിന്ന് കണ്ടെടുത്തവരിൽ 11സ്ത്രീകളും 19 പുരുഷന്മാരും രണ്ട് ആൺകുട്ടികളുമാണ്. കൂടാതെ, 25ശരീര ഭാഗങ്ങളും കണ്ടെത്തി.
ചൂരൽമലയിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ മുണ്ടക്കൈ പിന്നിട്ട് ഒഴുകിയെത്തുന്നത് ചാലിയാറിലാണ്. മുണ്ടക്കൈയിൽ ആദ്യം ഉരുൾപൊട്ടി രണ്ടര കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലൂടെ ഒഴുകി. തുടർന്ന്, സൂചിപ്പാറ വെള്ളച്ചാട്ടം വഴി ചാലിയാർ പുഴയുടെ കൈവഴികളിലൂടെ പോത്തുകല്ലിലെത്തി. ഇരുട്ടുകുത്തി, അമ്പിട്ടാൻപൊട്ടി, കുനിപ്പാല, ഞെട്ടിക്കുളം, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി, പനങ്കയം കടവുകളിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഫയർഫോഴ്സ്, വനം വകുപ്പ്, എൻ.ഡി.ആർ.എഫ്, പൊലീസ്, എമർജൻസി റെസ്പോൺസ് ടീം, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആദ്യം എത്തിയത് പിഞ്ചുകുഞ്ഞ്
ഇന്നലെ രാവിലെ 7.30ന് കുനിപ്പാലയിൽ ചാലിയാറിലൂടെ മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹം ഒഴുകിവരുന്നതാണ് ആദ്യം നാട്ടുകാർ കണ്ടത്. സമീപവാസികളാണ് നീന്തിച്ചെന്ന് മൃതദേഹം കരയ്ക്കടുപ്പിച്ചതെന്ന് പോത്തുകല്ല് വാർഡ് മെമ്പർ നാസർ പറഞ്ഞു. പിന്നാലെ, പനങ്കയം പാലത്തിനടിയിൽ നിന്ന് ഏഴ് വയസുകാരിയുടെ മൃതദേഹം ലഭിച്ചു. രാവിലെ എട്ട് മുതൽ ഉച്ച വരെ മഴ മാറി ചാലിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ കൂടുതൽ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞത് കണ്ടു. രാവിലെ മുതൽ ചാലിയാറിൽ വീട്ടുപാത്രങ്ങളും ഉപകരണങ്ങളും ഗ്യാസ് സിലിണ്ടറും മറ്റും ഒഴുകിയെത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടത്തിന് കൂടുതൽ ഫോറൻസിക് സംഘത്തെ നിയോഗിച്ചു. ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.