nnnn

നിലമ്പൂ‌ർ/എടക്കര: നിലയ്ക്കാത്ത പേമാരിയിൽ 2018ലെ വെള്ളപ്പൊക്കം ആവർത്തിക്കുമോയെന്ന ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ട മലയോരത്തെ കാത്തിരുന്നത് മറ്റൊരു ദുരന്തത്തിന്റെ ഹൃദയം മരവിപ്പിക്കുന്ന കാഴ്ചകൾ. വയനാട്ടെ മുണ്ടകൈ,​ ചൂരൽമല ഉരുൾപൊട്ടലിൽ അകപ്പെട്ട മനുഷ്യരുടെ മൃതദേഹങ്ങളും ചിന്നിചിതറിയ ശരീരഭാഗങ്ങളും 100 കിലോമീറ്ററോളം ദൂരം കുത്തിയൊലിച്ച് ചാലിയാറിന്റെ തീരങ്ങളിൽ അടിഞ്ഞു. മുണ്ടേരി ഇരുട്ടുകുത്തി ആദിവാസി കോളനി മുതൽ ചാലിയാറിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ നിന്ന് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. തിങ്കളാഴ്ച പകലും രാത്രിയും മഴ തിമിർത്ത് പെയ്തതോടെ പ്രളയക്കലിയിലായിരുന്നു ചാലിയാർ. ഏതു നിമിഷവും കരയിലേക്ക് ഗതിമാറി ഒഴുകാമെന്ന സ്ഥിതി. തോടുകളും കൈവഴികളും നിറഞ്ഞതോടെ പലയിടങ്ങളിലും ചാലിയാർ കരതൊട്ടൊഴുകി. ഇന്നലെ പുല‌ർച്ചെ മുതൽ മഴ കാര്യമായി പെയ്യാതെ മാറിനിന്നതോടെ കുത്തിയൊലിച്ചെത്തിയ മൃതദേഹങ്ങൾ പലതും കരയ്ക്കടിഞ്ഞു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ ചാലിയാറിന്റെ ഇരുകരകളും കേന്ദ്രീകരിച്ച് അഗ്നിശമന സേന, എൻ.ഡി.ആർ.എഫ്, ആർ.ആർ.ടി, പൊലീസ്,​ സന്നദ്ധ സേവകർ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ ശക്തമാക്കി. രാവിലെ ആറുമുതൽ തന്നെ പോത്തുകല്ല് ഭാഗത്ത് നിന്ന് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുക്കാൻ തുടങ്ങിയിരുന്നു. ഇരുട്ടികുത്തി കോളനിയ്ക്ക് സമീപം ആദിവാസികളുടെ കൂടി സഹായം ഇതിന് ലഭിച്ചു. ഇവിടെ കണ്ടെത്തിയ മൃതദേഹങ്ങൾ ‌മൂന്ന് ഡിങ്കി ബോട്ടുകളുടെ സഹായത്തോടെ മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ എത്തിച്ചു. കനത്ത കുത്തൊഴുക്ക് ഉള്ളതിനാൽ പുഴയിൽ ഇറങ്ങിയുള്ള തെരച്ചിൽ സാദ്ധ്യമായില്ല. ഉച്ചയ്ക്ക് ശേഷം വയനാട്ടെ ദുരന്തപ്രദേശത്തിന് സമീപം മറ്റൊരു ഉരുൾപൊട്ടിയെന്ന സന്ദേശം ലഭിച്ചതോടെ പുഴയ്ക്ക് സമീപമുള്ള തെരച്ചിൽ കുറച്ചുനേരം നിറുത്തിവച്ചെങ്കിലും അപകട സാദ്ധ്യത ഒഴിഞ്ഞ‍തോടെ പുനരാരംഭിച്ചു.

മുണ്ടേരി ഇരുട്ടുകുത്തിക്കടവിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത്, പത്ത് പേരുടേത്. വെള്ളിലമാട് നിന്ന് മൂന്ന് മൃതദേഹങ്ങളും ഭൂതാനം മച്ചിക്കൈയിൽ ഒരുസ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. ചുങ്കത്തറ പൂക്കോട്ടുമണ്ണ റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തു. താഴെ അടിഞ്ഞ് കൂടിയ മരങ്ങൾക്കിടയിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്ന ധാരണയിൽ മരങ്ങൾ മുറിച്ച് മാറ്റിയും തെരച്ചിൽ നടത്തി. എടവണ്ണപ്പാറ, കീഴുപറമ്പ്, അരീക്കോട്, മൈത്രക്കടവ്, എടവണ്ണ, ഒടായിക്കടവ്, മമ്പാട് മേഖലകളിലും തെരച്ചിൽ വ്യാപിപ്പിച്ചു. ശരീരഭാഗങ്ങൾ ചാലിയാറിന്റെ തീരങ്ങളിലെ പലയിടങ്ങളിൽ നിന്നായി പൊറുക്കികൂട്ടുന്നത് ഹൃദയഭേദക കാഴ്ചയായി. മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി പോസ്റ്റുമോ‌ർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് ഏഴരയോടെ മൃതദേഹങ്ങൾക്ക് വേണ്ടിയുള്ള തെരച്ചിൽ താത്ക്കാലികമായി നിറുത്തി.

കൈകോർത്ത് നാട്

ചാലിയാറിന്റെ തീരത്ത് നിന്ന് കൂടുതൽ മൃതദേഹങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെ അതിവേഗത്തിലാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ അധിക സൗകര്യങ്ങളൊരുക്കിയത്. മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനായി ആദ്യം 25 മൊബൈൽ ഫ്രീസറുകളും പിന്നാലെ മൃതദേഹങ്ങളുടെ എണ്ണം ഉയർന്നതോടെ മറ്റ് ആശുപത്രികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും കൂടുതൽ ഫ്രീസറുകളും എത്തിച്ചു. ജില്ലാ ആശുപത്രിയിലെ രണ്ട് നില പേ വാർഡുകളിൽ നിന്ന് രോഗികളെ മാറ്റി ഇവിടെ മൃതദേഹങ്ങൾ കിടത്തിയിരിക്കുകയാണ്. ഉറ്റവരെ തേടിയെത്തുന്നവർക്ക് നേരിട്ട് കാണാനും സൗകര്യമൊരുക്കി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഫോറൻസിക് വിഭാഗം ഡോക്ടർമാരെ എത്തിച്ച് നിലമ്പൂരിൽ തന്നെയാണ് പോസ്റ്റുമോർട്ടം ചെയ്യുന്നത്. 26 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ഇതിനായി 50 ലധികം ഫ്രീസറുകൾ ഇതിനകം ആശുപത്രിയിലേക്ക് വിവിധ ഇടങ്ങളിൽ നിന്നായി എത്തിച്ചിട്ടുണ്ട്. രാത്രിയിലും ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾ തുടരും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധന നടത്തും.