തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷണ പദ്ധതികൾക്ക് ലഭിക്കുന്ന തുക ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലഘൂകരിക്കാൻ കഴിയാവുന്ന നടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ. ഗവേഷണ ഫണ്ടുകൾ ചെലവഴിക്കുന്നതിലെ ഭരണപരമായുള്ള പ്രശ്നങ്ങളും ഓഡിറ്റ് തടസ്സങ്ങളും ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ സി. ഗോപിനാഥൻ, റിട്ട. സീനിയർ ഓഡിറ്റ് ഓഫീസർ മോഹൻദാസ് എന്നിവരാണ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാർ, വകുപ്പ് മേധാവികൾ എന്നിവരുമായി സംവദിച്ചത്. കേന്ദ്രഫണ്ടുകളും വിദേശഫണ്ടുകളും ലഭിക്കുന്നുണ്ടെങ്കിലും സമയബന്ധിതമായി ഇവ ചെലവഴിക്കാനുള്ള നിയമാവലികൾ ലഘൂകരിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു