നിലമ്പൂർ: ജീവന്റെ നേരിയ തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ജീവിതത്തിലേക്ക് തിരികെ എത്തിക്കണം എന്ന ദൃഡനിശ്ചയത്തിലാണ് ചാലിയാറിന്റെ വിവിധ കടവുകളിലായി രക്ഷാപ്രവർത്തകർ ഇന്നലെ തിരച്ചിൽ നടത്തിയത്. വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരിൽ പേരുടെ 32 മൃതദേഹങ്ങളാണ് ചാലിയാറിന്റെ വിവിധ തീരങ്ങളിൽ നിന്ന് ഇന്നലെ കണ്ടെടുത്തത്.

വനത്തിനുള്ളിലെ പുഴയുടെ തീരങ്ങളിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർ പാടുപെടുന്നത് കണ്ട് ഉടുത്തിരുന്ന മുണ്ട് അഴിച്ച് നൽകി നാട്ടുകാരും കൂടെച്ചേർന്നു. തുടർന്ന്, മുണ്ടിൽ മൃതദേഹം പൊതിഞ്ഞ് വടികളിൽ ബന്ധിച്ച് ആറ് കിലോമീറ്ററോളം ചുമന്നാണ് വനത്തിന് പുറത്തേക്ക്. കൂടാതെ, ഇത്തരത്തിൽ മൃതദേഹവുമായി പുഴയിലൂടെ നടന്നും അക്കരയെത്തിച്ചു.
വനംവകുപ്പ്, പൊലീസ്, ഫോറസ്റ്റ്, എൻ.ഡി.ആർ.എഫ്, എമർജൻസി റെസ്‌പോൺസ് ടീം, എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീം, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചാലിയാറിലെ പനങ്കയം കടവിൽ നിന്ന് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടേയും ഉൾപ്പെടെ മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇന്നലെ ആദ്യം കണ്ടെത്തിയത്. തുടർന്ന് ഇരുട്ടുകുത്തി, അമ്പുട്ടാൻ പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പിപ്പാലം, തലപ്പാലി തീരങ്ങളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

എടവണ്ണപ്പാറ, കീഴുപറമ്പ്, അരീക്കോട്, മൈത്രക്കടവ്, എടവണ്ണ, ഒടായിക്കടവ്, മമ്പാട് മേഖലകളിലും തിരച്ചിൽ നടത്തുന്നുണ്ട്. ചുങ്കത്തറ പൂക്കോട്ടുമണ്ണ റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ച പശ്ചാത്തലത്തിൽ അവിടെ താഴെ അടിഞ്ഞ് കൂടിയ മരങ്ങൾക്കിടയിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്ന ധാരണയിൽ മരങ്ങൾ മുറിച്ച് മാറ്റിയും തിരച്ചിൽ നടത്തുന്നുണ്ട്.