ffff
.

മലപ്പുറം: കനത്ത മഴയിൽ ജില്ലയിലെ 62 ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിക്കപ്പെട്ടത് 4,755 പേർ‌. കടൽക്ഷോഭം രൂക്ഷമായ തീരമേഖലകളിലാണ് കൂടുതൽ ക്യാമ്പുകൾ. പൊന്നാനി, തിരൂ‌ർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ താലൂക്കുകളിലാണ് ക്യാമ്പുകൾ തുറന്നിട്ടുള്ളത്. ഇവിടങ്ങളിൽ പത്തോളം വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇന്നലെ ഉച്ച വരെ മഴ തീർത്തും മാറിനിന്നതാണ് ജില്ലയുടെ ദുരിതം കുറച്ചത്. ചാലിയാർ പുഴയിലെ ജലനിരപ്പ് കുറഞ്ഞത് മലയോര മേഖലയിലെ ജനങ്ങളുടെ നെഞ്ചിടിപ്പ് കുറച്ചിട്ടുണ്ട്. കനത്ത മഴയും വയനാട്ടിലെ ഉരുൾപൊട്ടലിലെ മണ്ണും അവശിഷ്ടങ്ങളും കുത്തിയൊലിച്ച് ചാലിയാറിൽ എത്തിയതും 2018ലെ പ്രളയത്തെ ഓർമ്മിപ്പിച്ചു. കവളപ്പാറ ദുരന്തത്തിന് പിന്നാലെയാണ് ചാലിയാർ കര കവിഞ്ഞ് വലിയ നാശനഷ്ടമുണ്ടാക്കിയത്.

പെയ്തത് പലയിരട്ടി

ജില്ലയിൽ പ്രളയ സമാനമായ സാഹചര്യമൊരുക്കിയത് ജൂൺ 29, 30 തീയതികളിൽ പെയ്ത കനത്ത മഴ. മിക്കയിടങ്ങളിലും ശരാശരി 200 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. വണ്ടൂർ - 280 മില്ലീമീറ്റർ, അരീക്കോട് - 205, വട്ടംകുളം - 264, വളാഞ്ചേരി - 250, പൊന്നാനി - 286, എടയൂർ - 186, തിരൂർ - 195 മില്ലീമീറ്റർ എന്നിങ്ങനെ മഴയാണ് ലഭിച്ചത്. പ്രവചിക്കപ്പെട്ടതിന്റെ പലയിരട്ടി മഴയാണിത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ പ്രളയ സാഹചര്യമടക്കം വിലയിരുത്തുന്നതിനായി കഴി‍ഞ്ഞ രണ്ട് ദിവസവും പ്രാദേശിക തലത്തിൽ അധികൃതർ മഴക്കണക്കെടുത്തിരുന്നു. ഇന്നലെ ജില്ലയിൽ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും കാര്യമായ മഴ പെയ്തില്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം പൊന്നാനിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്,​ 74 മില്ലീമീറ്റർ. നിലമ്പൂർ - 20.2, അങ്ങാടിപ്പുറം - 30.6, കരിപ്പൂർ - 40 മില്ലീമീറ്റർ എന്നിങ്ങനെയും മഴ ലഭിച്ചു. ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുകളിലും കാര്യമായ മഴ രേഖപ്പെടുത്തിയിട്ടില്ല. ആനക്കയം - 30.5 മില്ലീ മീറ്റർ, പാലേമാട് - 24, തെന്നല - 58.5, വാക്കാട് - 5 മില്ലീ മീറ്റർ എന്നിങ്ങനെ ആണ് ലഭിച്ച മഴ.