പാലക്കാട്‌: പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്കായി പാലക്കാട് ജില്ലയിൽ സ്ഥലമേറ്റെടുത്തതിന്റെ നഷ്ടപരിഹാര വിതരണം അവസാന ഘട്ടത്തിലെത്തിൽ. ഇനി 10 ശതമാനം പേർക്ക് മാത്രമാണ് തുക വിതരണം ചെയ്യാനുള്ളത്. ഇവർക്ക് ഈ മാസം തന്നെ നഷ്ടപരിഹാരം കൈമാറും. ഏകദേശം 2000 കോടി രൂപയാണ് നഷ്ടപരിഹാരം നൽകാനായി കേന്ദ്രം അനുവദിച്ചത്. മരുതറോഡ് മുതൽ എടത്തനാട്ടുകര വരെയുള്ള 21 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുക. പാത നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള ടെൻഡർ ഉടൻ ക്ഷണിക്കുമെന്നും ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി.

റവന്യൂ, സാമൂഹിക വനവത്കരണം, കൃഷി, പൊതുമരാമത്ത് വകുപ്പുതല ഉദ്യോഗസ്ഥരാണ് സ്ഥലമെടുപ്പ് പ്രക്രിയയിൽ പങ്കാളിയാവുന്നത്. പാലക്കാട് മരുതറോഡ് മുതൽ കോഴിക്കോട് ജില്ലയിലെ ഇരിങ്ങല്ലൂർ വരെ 121 കിലോമീറ്ററാണ് ഗ്രീൻഫീൽഡ് പാതയുടെ ദൈർഘ്യം. 45 മീറ്റർ വീതിയിലാണ് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുക. പട്ടണ സാമീപ്യം, ഏറ്റെടുക്കുന്ന സ്ഥലത്തിലേക്കുള്ള അകലം, സ്ഥലത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകത, നിലവിലെ വിപണിവില എന്നിവയെല്ലാം പരിഗണിച്ചാണ് സ്ഥലവും വീടും വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം നിർണയിച്ച് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത്.

വനമേഖലയും ഏറ്റെടുക്കും

രേഖകൾ കൃത്യമായി ഹാജരാക്കാത്തതും വൈകി നൽകിയതുമായ അപേക്ഷകൾ, പാതയ്ക്കായി ഏറ്റെടുക്കേണ്ട വനഭൂമി എന്നിവയാണ് ശേഷിക്കുന്ന 10 ശതമാനത്തിലുൾപ്പെടുന്നതെന്ന് അധികൃതർ വിശദീകരിച്ചു. അകത്തേത്തറ, മുണ്ടൂർ, അലനല്ലൂർ പഞ്ചായത്തുകളിലാണ് ഗ്രീൻഫീൽഡ് പാതയുടെ വനാതിർത്തിയുള്ളത്. വനമേഖല ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവേ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദേശീയപാത വിഭാഗത്തിന് റിപ്പോർട്ടും കൈമാറി. കേന്ദ്രാനുമതി ലഭ്യമാകുന്നതോടെ ബാക്കിയുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കും.