വരുമാനം ഉറപ്പാക്കാനുള്ള സംരംഭത്തിന് സഹായം നൽകും
പരിശീലനം വേണ്ടവർക്ക് അതതു വകുപ്പുകൾ നൽകും
ഒറ്റത്തവണ സഹായമായി രണ്ടുലക്ഷം രൂപ ഗ്രാന്റ്
അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആനുകൂല്യത്തിനു മുൻഗണന
അഗളി: അരിവാൾരോഗം ബാധിതർക്കു വരുമാനം ഉറപ്പാക്കാനുള്ള സംരംഭത്തിന് സഹായവുമായി സർക്കാർ. അട്ടപ്പാടിയിൽ അടുത്തിടെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ബഡ്ജറ്റിൽ പട്ടികവർഗ വിഭാഗത്തിന്റെ ആരോഗ്യസംരക്ഷണ നടപടികൾക്കായി വകയിരുത്തിയ തുകയിൽ നിന്നാകും സംരംഭത്തിന് സഹായം നൽകുക. രോഗികളുടെ ആരോഗ്യത്തിനും സാഹചര്യത്തിനും യോജിക്കുന്ന ഏതു സംരംഭവും ആരംഭിക്കാം. പരിശീലനം വേണ്ടവർക്ക് അതതു വകുപ്പുകൾ നൽകും. അപേക്ഷകന് ഇഷ്ടമുള്ളതും കാര്യമായ കായിക അധ്വാനമില്ലാത്തതുമായ പദ്ധതികൾക്ക് ഒറ്റത്തവണ സഹായമായി രണ്ടുലക്ഷം രൂപ ഗ്രാന്റ് അനുവദിക്കും. തുക തിരിച്ചടയ്‌ക്കേണ്ടതില്ല. അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആനുകൂല്യത്തിനു മുൻഗണനയുണ്ട്. സംരംഭം തുടങ്ങുന്നതിന്റെ പ്രായോഗികത പഠിക്കാൻ രൂപീകരിച്ച കമ്മിറ്റി സിക്കിൾസെൽ അനീമിയ രോഗം കൂടുതലുള്ള ആദിവാസിമേഖലകളിൽ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചിരുന്നു.
വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണു രോഗബാധിതർ കൂടുതൽ. ഇവർക്കു പോഷകാഹാരം ഉറപ്പാക്കാൻ മാസം 2500 രൂപവീതം വകുപ്പ് നൽകുന്നുണ്ടെങ്കിലും അതു മുടങ്ങിയിട്ട് മാസങ്ങളായി. ആശുപത്രികളിൽ നിന്ന് മരുന്ന് സൗജന്യമാണെങ്കിലും മിക്കപ്പോഴും അതും സമയാമസയത്തിന് ലഭിക്കാറില്ല. മഴക്കാലത്താണ് ഇവർ ഏറെ ബുദ്ധിമുട്ടുന്നത്. വിവിധ വിഭാഗങ്ങളിലുള്ള മുഴുവൻ രോഗികളെ കണ്ടെത്താൻ സ്‌ക്രീനിംഗ് പ്രഖ്യാപിച്ചിട്ട് ഏറെയായെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സംരംഭത്തിന് അർഹരെ തിരഞ്ഞെടുക്കാനുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി അടുത്തദിവസം ഉത്തരവുണ്ടാകുമെന്ന് പട്ടികവർഗവകുപ്പ് അധികൃതർ പറഞ്ഞു.
17 പേർക്ക് ജീവൻ നഷ്ടമായി
20 മാസത്തിനിടെ അരിവാൾരോഗം കാരണം അട്ടപ്പാടിയിൽ മാത്രം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മരിച്ചത് 17 പേരെന്ന് അനൗദ്യോഗിക കണക്ക്. അട്ടപ്പാടിയിൽ അരിവാൾ രോഗം കണ്ടെത്തി 28 വർഷം പിന്നിടുമ്പോഴും രോഗ നിർമ്മാർജനത്തിനും വ്യാപനം നിയന്ത്രിക്കുന്നതിനും കാര്യമായ ശ്രമങ്ങളില്ലെന്നതാണ് മരണസംഖ്യ വ്യക്തമാക്കുന്നത്. 2019ൽ 124 രോഗികൾ ഉണ്ടായിരുന്നത് 5 വർഷം പിന്നിടുമ്പോൾ 202 ആയി ഉയർന്നു. സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നൽകുന്നതിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. സിക്കിൾ സെൽ അനീമിയ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഐ.ടി.ഡി.പിയിലോ ആരോഗ്യ വകുപ്പിന്റെ പക്കലോ ഇല്ല. വിവരങ്ങൾ ശേഖരിക്കുന്നേയുള്ളൂ എന്നാണു മറുപടി.