ksrtc

ചെർപ്പുളശേരി: ചെർപ്പുളശേരിയിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. പെരിന്തൽമണ്ണ, പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ എന്നിവിടങ്ങളിലേക്ക് ചെർപ്പുളശേരിയിൽ നിന്ന് ഒരേ ദൂരമാണുള്ളത്. അത് കൊണ്ട് തന്നെ ദിവസേന നിരവധി പേരാണ് യാത്രക്കായി ഇവിടെ എത്തുന്നത്. ഈ പ്രദേശങ്ങളിൽ നിന്നെല്ലാം ചെർപ്പുളശേരി ഒഴികെയുള്ള ഭാഗങ്ങളിലേക്ക് ആവശ്യത്തിന് കെ.എസ്.ആർ.ടി.സി സർവീസ് ഉണ്ടെങ്കിലും ചെർപ്പുളശേരിയിലേക്ക് സർവീസ് നാമമാത്രമാണ്. പെരിന്തൽമണ്ണയിൽ നിന്ന് പാലക്കാട്ടേക്കും തിരിച്ചും, തൃശൂർ ഭാഗത്ത് നിന്ന് പട്ടാമ്പി വഴി പെരിന്തൽമണ്ണയിലേക്കും, പാലക്കാട് നിന്ന് ഒറ്റപ്പാലം വഴി ഷൊർണൂരിലേക്കും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ബസ് സർവീസ്. ഇതിൽ തന്നെ പലതും കുറച്ച് യാത്രക്കാരെ വെച്ചാണ് ഓടി കൊണ്ടിരിക്കുന്നത്. ഇതിലെ ചില സർവീസുകൾ ചെർപ്പുളശേരി വഴി തിരിച്ച് വിട്ടാൽ പ്രശ്നം പരിഹരിക്കാൻ കഴിയും. സമയ നഷ്ട്ടവും ബാധിക്കില്ല.

രാത്രി 8 മണി കഴിഞ്ഞാൽ സർവീസില്ല

രാത്രി 8 മണിക്ക് ശേഷം ഒറ്റപ്പാലം, പെരിന്തൽമണ്ണ, പട്ടാമ്പി എന്നിവിടങ്ങളിൽ നിന്നും ചെർപ്പുളശേരിയിലെത്താൻ യാത്രക്കാർക്ക് വാടകയ്ക്ക് വാഹനം വിളിക്കേണ്ട ഗതികേടാണ്. രാത്രി ഷൊർണൂർ റെയിൽവേ സ്റ്റേഷനിറങ്ങുന്ന യാത്രികർ പ്രയാസപ്പെടുന്നത് സ്ഥിരം കാഴ്ച്ചയാണ്. ഈ സമയങ്ങളിൽ സ്വകാര്യ ബസ് സർവീസ് പോലും ഈ പ്രദേശങ്ങളിൽ നിന്നും ചെർപ്പുളശേരിയിലേക്കില്ല.


കെ.എസ്.ആർ.ടി.സിയിൽ നിന്ന് മികച്ച സേവനം ചെർപ്പുളശ്ശേരിക്കാർ പ്രതീക്ഷിക്കുന്നു. ഒരു പി.ആർ.ഒയെ ചുമതലപ്പെടുത്തി ഈ പ്രദേശത്തെ സഞ്ചാരസൗകര്യങ്ങൾ വിലയിരുത്തി പൊതുവികാരം മാനിച്ച് ബസുകളോടിച്ച് കെ.എസ്.ആർ.ടി.സിയും ജനങ്ങളെയും സംരക്ഷിക്കാൻ അധികൃതർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പാറക്കുഴിയിൽ സുബ്രഹ്മണ്യൻ, ജില്ലാ പ്രസിഡന്റ്,

നാഷണൽ ഹ്യൂമൺറൈറ്റ്സ് ആന്റ് ആന്റികറപ്ഷൻ ഫോഴ്സ്, പാലക്കാട്.