paddy

പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൃഷിയൊരുക്കം തകൃതിയായി നടക്കുമ്പോൾ ആവശ്യത്തിന് കർഷക തൊഴിലാളികളെ കിട്ടാതെ ആശങ്കപ്പെടുന്നവർക്ക് ഇനി ആശ്വസിക്കാം. ഞാറുനടാൻ ഇനി കെ.എസ്‌.കെ.ടി.യുവിന്റെ തൊഴിൽസേനയെത്തും. അന്യസംസ്ഥാന തൊഴിലാളികളുടെ വരവും കുറഞ്ഞകൂലിയും കാരണം നിരവധി കർഷക തൊഴിലാളികൾ പാടത്തെ പണി ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്‌.കെ.ടി.യു തൊഴിൽസേന രൂപീകരിച്ചത്.

നിലവിൽ ജില്ലയിലെ ഏക തൊഴിൽ സേന കണ്ണാടി പഞ്ചായത്തിലാണ്. 21 യൂണിറ്റിലായി 200 തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ഓരോ യൂണിറ്റുകളിലെയും വനിതകൾ കരാർ അടിസ്ഥാനത്തിൽ ഞാറ് നടാൻ സ്വയം മുന്നോട്ടുവരും. ഒന്നാംവിള, രണ്ടാംവിള കൃഷിയിലെ നടീൽ, കളപറി എന്നിവയിലൂടെ കർഷക തൊഴിലാളികൾക്ക് കൂടുതൽ വേതനവും ലഭ്യമാകും. നടീലിന് 1200 രൂപയും കളപറിക്ക് 450 രൂപയുമാണ് കൂലി. കൂലി ഉറപ്പുവരുത്താൻ കെ.എസ്‌.കെ.ടി.യു വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ ഇടപെടലുകൾ നടത്തുന്നുമുണ്ട്.

വർഷത്തിൽ ഒരു ലക്ഷം രൂപയെങ്കിലും കർഷക തൊഴിലാളികൾക്ക് കൂലിയിനത്തിൽ ലഭ്യമാവണമെന്ന ലക്ഷ്യവുമായാണ് യൂണിയന്റെ പ്രവർത്തനം. തൊഴിൽസേന ജില്ലയിലാകെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്‌.കെ.ടി.യു ജില്ലാ കമ്മിറ്റി. ജൂലായ് 20നും 21നും ശ്രീകൃഷ്ണപുരത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ജില്ലയിലാകെ തൊഴിൽ സേനയെ ശക്തിപ്പെടുത്താനുള്ള തീരുമാനമെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ.ചിന്നക്കുട്ടൻ, പ്രസിഡന്റ് ടി.എൻ.കണ്ടമുത്തൻ എന്നിവർ പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം എസ്.രാധാകൃഷ്ണനാണ് തൊഴിൽ സേനയുടെ ജില്ലാ കോ - ഓർഡിനേറ്റർ.