chendumalli
മാതക്കോട് പാടശേഖരത്തിലെ ഇക്കോളജിക്കൽ കൃഷി രീതിയുടെ ഉദ്ഘാടനം കൊല്ലങ്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത സാമുവൽ നിർവഹിക്കുന്നു.

കൊല്ലങ്കോട്: കൃഷിഭവൻ പ്ലാന്റ് ഹെൽത്ത് ക്ലിനിക്കിന്റ മേൽനോട്ടത്തിൽ 100 ഏക്കർ നെൽപ്പാടത്തെ വരമ്പുകളിലെല്ലാം സങ്കരയിനം ചെണ്ടുമല്ലി വച്ചു പിടിപ്പിക്കുന്നു. ട്രാപ്പ് ക്രോപ്പിംഗ് അഥവാ എക്കോളജിക്കൽ എൻജിനീറിംഗ് എന്നറിയപ്പെടുന്ന കീടനിയന്ത്രണ രീതിയാണ് ഇത്. കൃഷിയിടങ്ങളിൽ പൂച്ചെടികൾ നട്ടുവളർത്തി മിത്ര പ്രാണികളുടെ എണ്ണം വർദ്ധിപ്പിച്ച് ശത്രുകീടങ്ങളെ തുരത്തുന്ന കൃഷി രീതിയാണിത്. ജമന്തി, സീനിയ, ഡാലിയ, വാടാമുല്ല, കോഴിച്ചുണ്ടൻ, തുളസി, ബാൾസം, സൂര്യകാന്തി മുതലായവ ഇത്തരം പൂച്ചെടികളാണ്.
കീടങ്ങളെ തുരത്തി അധികവിളവ് ലഭ്യമാക്കുന്നതോടൊപ്പം പൂക്കൃഷിയിൽ നിന്നുള്ള ആദായംകൂടി കർഷകന് ലഭിക്കും. പാടവരമ്പിലും പ്രധാനവിളകളുടെ ചുറ്റും ബോർഡർ ആയും ഇടവിളകളായും ഇത്തരം പൂച്ചെടികൾ നട്ടുവളർത്താം.
പാടവരമ്പുകളിൽ വളർന്നു പുഷ്പിക്കുന്നതോടെ ചെണ്ടുമല്ലികൾ നെല്ലിനെ കീടാക്രമണത്തിൽ നിന്നു സംരക്ഷിക്കും. കേരളത്തിൽ പൊതുവേ ദിവസവും, ഓണക്കാലത്ത് പ്രത്യേകിച്ചും വളരെ ചെലവുള്ള പൂവാണ് മാരിഗോൾഡ് അഥവാ ചെണ്ടുമല്ലി. ഓറഞ്ച്, മഞ്ഞ നിറങ്ങളിൽ ഇവ ലഭ്യമാണ്. പറിച്ചുനട്ട് 45-60 ദിവസം കഴിയുമ്പോൾ പൂക്കൾ വിളവെടുത്ത് തുടങ്ങാം. മൂന്ന് ദിവസത്തിലൊരിക്കൽ പൂക്കൾ വിളവെടുക്കാം. ഒരു ഹെക്ടറിൽ നിന്ന് 6000 മുതൽ 10000 കിലോ വരെ പൂക്കൾ വിളവെടുക്കാം. കിലോയ്ക്ക് 100 രൂപ മുതൽ 150 രൂപ വരെ വില ലഭിക്കും. പരിസ്ഥിതി സൗഹൃദ കൃഷിമുറകൾ അനുവർത്തിക്കുന്ന മാതക്കോട് പാടശേഖരത്തിലെ ഇക്കോളജിക്കൽ കൃഷി രീതിയുടെ ഉദ്ഘാടനം കൊല്ലങ്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത സാമുവൽ നിർവഹിച്ചു. പാടശേഖര സമിതി അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.