farmer
lady's finger

പാലക്കാട്: സംസ്ഥാന കൃഷിവകുപ്പിന്റെ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 45,000 വിത്ത് പാക്കറ്റുകളും രണ്ടുലക്ഷം തൈകളും വിതരണത്തിന് തയ്യാറായി. 13 ബ്ലോക്കുകളിലെ കൃഷിഭവനുകൾ വഴി ഇവയുടെ വിതരണം ആരംഭിച്ചു. വെണ്ട, പച്ചമുളക്, തക്കാളി, പയർ, ചീര, പടവലം, കയ്പക്ക തുടങ്ങി മൂന്നോ നാലോ വിത്തിനങ്ങളാണ് പത്തുരൂപയുടെ ഒരു പാക്കറ്റിലുള്ളത്. തൈകൾ ഹൈബ്രീഡും ഉൽപ്പാദന ക്ഷമത കൂടിയതുമാണ്. കൃഷി വകുപ്പ് ഫാമുകളിൽ ഉൽപ്പാദിപ്പിച്ച വിത്തുകൾ മാത്രമാണ് ഇത്തവണ ഉപയോഗിച്ചത്. തൈകൾ ഫാമുകളിലെ കൂടാതെ കാർഷികകർമ സേനകൾ, കർഷകർ എന്നിവൽ നിന്നും വാങ്ങി. ഇത്തവണ നേരത്തേതന്നെ വിത്തും തൈയും എത്തിച്ചതിനാൽ ഓണത്തിനു മുന്നേ പച്ചക്കറി വിളവെടുത്ത് തുടങ്ങാം. കർഷകർ, വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീകൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങി പൊതുസമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.