ആദ്യഘട്ടത്തിൽ ജില്ലയിലെ 206 കുടുംബങ്ങൾക്ക് വീട് ലഭിച്ചു
രണ്ടാം ഘട്ടത്തിൽ ഉയരുന്നത് 7 ഫ്ലാറ്റുകൾ
പാലക്കാട്: 2018ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കു കൈത്താങ്ങായി സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കെയർഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ഉയരുന്നത് ഏഴ് ഭവന സമുച്ചയങ്ങൾ. ഫ്ലാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം സഹകരണ സംഘങ്ങളിൽ നിന്ന് തുക സമാഹരിച്ചാണ് വീട് നഷ്ടമായവർക്ക് തലചായ്ക്കാൻ സുരക്ഷിതമായൊരിടം എന്ന നിലയ്ക്ക് ഫ്ലാറ്റുകൾ നിർമ്മിക്കുന്നത്. കൊടുമ്പ് പഞ്ചായത്തിലെ കണ്ണാടി രണ്ട് വില്ലേജിൽ മുല്ലേരിയിൽ പൊതുമരാമത്ത് വകുപ്പിന്റെ 61 സെന്റിലാണ് കെയർഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി ഫ്ലാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്. രണ്ട് നിലകളിൽ നാല് വീടുകൾ വീതം ഏഴ് ഫ്ലാറ്റുകളിലായി 28 കുടുംബങ്ങൾക്കാണ് വീടൊരുങ്ങുക. ഇതിനായി 4.30 കോടി രൂപ സഹകരണ വകുപ്പ് അനുവദിച്ചിട്ടുണ്ട്. തൃശൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനാണ് നിർമ്മാണച്ചുമതല. നാലുമാസം കൊണ്ട് പണിപൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
2,000 വീടുകളുടെ താക്കോൽദാനം നടത്തി
കെയർഹോം പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാന വ്യാപകമായി 2,000 വീടുകൾ സഹകരണ വകുപ്പ് നിർമ്മിച്ച് കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ 206 കുടുംബങ്ങൾക്ക് വീട് ലഭിച്ചു. രണ്ടാംഘട്ടമായി ഭവനസമുച്ചയങ്ങൾ നിർമ്മിക്കാനാണ് സഹകരണ വകുപ്പ് തീരുമാനിച്ചത്. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്കാണ് ഇവ കൈമാറുക. പദ്ധതിയുടെ ആദ്യഘട്ടം 2018 ആഗസ്റ്റിൽ ആരംഭിച്ച് സമയബന്ധിതമായി പൂർത്തീകരിച്ച സാഹചര്യത്തിലാണ് രണ്ടാംഘട്ടം നടപ്പാക്കാൻ തീരുമാനം. പദ്ധതിയുടെ എസ്റ്റിമേറ്റ് സംസ്ഥാന നിർമിതി കേന്ദ്രം തയ്യാറാക്കി. എ.പ്രഭാകരൻ എം.എൽ.എ രക്ഷാധികാരിയും കളക്ടർ ചെയർമാനും സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) കൺവീനറും പൊതുമരാമത്ത്, ലൈഫ് മിഷൻ ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ സമിതിക്കാണ് പദ്ധതിയുടെ മേൽനോട്ടം.