പാലക്കാട്: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. പാലക്കാട് ആകെ നാലര ലക്ഷം പേർക്കാണ് ഒരുമാസത്തെ പെൻഷൻ 1600 രൂപവീതം ലഭിക്കുക. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നശേഷം 84ാം ഘട്ട പെൻഷൻ വിതരണമാണിത്. ജനുവരിമാസത്തെ പെൻഷനാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
ജില്ലയിലെ 3,00,914 പേർക്കായി ആകെ 45.75 കോടി(45,74,73,100) രൂപയാണ് വിതരണം ചെയ്യുക. സഹകരണ സംഘങ്ങൾ മുഖേന വിതരണം ചെയ്യുന്ന പെൻഷന്റെ കണക്കാണിത്. ഇതിനു പുറമേ നേരത്തെ ബാങ്കുകളിലൂടെ പെൻഷൻ വാങ്ങിയവർക്കും ഒരുഗഡു ലഭിക്കും. അഞ്ചിനങ്ങളിലായുള്ള പെൻഷനിൽ വൃദ്ധർക്കാണ് ഏറ്റവുമധികം തുക വിതരണം ചെയ്യുന്നത്. 1,58,062 വൃദ്ധർക്കായി 23.76 കോടിരൂപ നൽകും. 83,933 പേർക്ക് വിധവാപെൻഷനായി 12.72 കോടി രൂപയും 30,138 കർഷകത്തൊഴിലാളികൾക്ക് 4.72 കോടി രൂപയും 21,458 അംഗപരിമിതർക്ക് 3.39 കോടി രൂപയും 7,323 അവിവാഹിതർക്ക് 1.16 കോടി രൂപയുമാണ് പെൻഷനായി നൽകുക. സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻ വിതരണത്തിന് 45.74 കോടി രൂപ പ്രൈമറി സംഘങ്ങൾക്ക് നൽകിയിട്ടുണ്ട്. ജില്ലയിലെ 98 സംഘങ്ങളിലൂടെ 1,730 ഏജന്റുമാർ മുഖേനയാണ് ഗുണഭോക്താക്കൾക്ക് നേരിട്ട് വീടുകളിൽ പെൻഷൻ എത്തിക്കുന്നത്. പെൻഷൻ വിതരണം അടിയന്തരമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി.ഉദയൻ അറിയിച്ചു.