വടക്കഞ്ചേരി: കിഴക്കഞ്ചേരി പാണ്ടാംകോട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് അവശനിലയിലായ മൂന്ന് പശുക്കൾ കൂടി ചത്തു. ഇതോടെ രണ്ട് ദിവസത്തിനിടെ ചത്തത് നാല് പശുക്കൾ. പാണ്ടാംകോട് അശോകന്റെ പശുക്കളാണ് ബുധനാഴ്ച വൈകുന്നേരവും ഇന്നലെ രാവിലെയുമായി ചത്തത്. പശുക്കളെ മേയാൻ വിട്ടതിന് ശേഷം തിരികെ എത്തിച്ചപ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നീട് മൃഗഡോക്ടറെത്തി പരിശോധന നടത്തി മരുന്ന് കൊടുത്തെങ്കിലും ഇവയുടെ ജീവൻ രക്ഷിക്കാനായില്ല. ചത്ത പശുക്കളിൽ മൂന്നെണ്ണം ഗർഭിണിയാണ്. മറ്റൊന്ന് പ്രസവിച്ചിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളൂ. ക്ഷീരകർഷകനായ അശോകനും ഭാര്യക്കും ഏക ആശ്രയമായിരുന്നു ഈ പശുക്കൾ. പ്രതിദിനം 30 ലിറ്റർ പാൽ വരെ സൊസൈറ്റിയിൽ കൊടുത്തിരുന്നതാണ്. പിന്നാക്ക വിഭാഗ കോർപറേഷനിൽ നിന്ന് മൂന്ന് ലക്ഷം രൂപ ലോണെടുത്താണ് പശുക്കളെ വാങ്ങിയത്. ചത്ത പശുക്കളെ പോസ്റ്റുമോർട്ടത്തിന് ശേഷം സമീപത്തെ പറമ്പിൽ സംസ്കരിച്ചു. മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. ആലത്തൂർ വെറ്ററിനറി പോളിക്ലിനിക്ക് സീനിയർ വെറ്ററിനറി സർജൻ ഡോ.സി.യു.സജിത്ത് കുമാർ, കിഴക്കഞ്ചേരി വെറ്ററിനറി സർജൻ ഡോ.ശ്രീജിഷ എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് പശുക്കളെ പരിശോധിക്കാനും പോസ്റ്റുമോർട്ടം ചെയ്യാനുമായി എത്തിയത്.